Header Ads

  • Breaking News

    ഒരു വർഷം ഒരു ലക്ഷം സംരംഭം': ജില്ലയിൽ ആരംഭിച്ചത് 1802 സംരംഭങ്ങൾ





    'ഒരു വർഷം ഒരു ലക്ഷം സംരംഭം' പദ്ധതിയിലൂടെ കണ്ണൂരിൽ ഇതുവരെ ആരംഭിച്ചത് 1802 സംരംഭങ്ങൾ. 175 കോടിയുടെ നിക്ഷേപമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. 4113 പേർക്ക് തൊഴിലവസരം നൽകാനായി. ജില്ലയിൽ ഒരു വർഷം 11500 സംരംഭങ്ങൾ ആരംഭിക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാന  വ്യവസായ വാണിജ്യ വകുപ്പാണ് ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.  
    സംരംഭക മേഖലയിൽ നൂതന ആശയങ്ങളും, പുത്തൻ സാധ്യതകളും, തൊഴിലവസരങ്ങളും സൃഷ്ടിച്ച് സമഗ്ര വികസനം സാധ്യമാക്കുക എന്ന ആശയമാണ് 'ഒരു വർഷം ഒരു ലക്ഷം സംരംഭം' എന്ന പദ്ധതിയുടെ കാഴ്ചപ്പാട്. ഇതിന്റെ ഏകോപനത്തിനായി തദ്ദേശ സ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻ, വികസനകാര്യ അധ്യക്ഷൻ, വ്യവസായ വികസന ഓഫീസർ, ലീഡ് ബാങ്ക് മാനേജർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ  ഉൾപ്പെടുത്തി  നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെൽപ് ഡെസ്‌കുകളും പ്രവർത്തിക്കും. സംരംഭ വർഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇതുവരെ നടന്ന 96 ജനറൽ ഓറിയന്റേഷൻ പരിപാടിയിലായി 7502 പേർ പങ്കെടുത്തു. ജൂലൈ മാസത്തിൽ വിവിധ വകുപ്പുകളെയും, ധനകാര്യ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു ലൈസൻസ് മേള, ലോൺ മേള, സംരംഭങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങിയ പരിപാടികളാണ് പുതിയ സംരംഭകർക്കായി ആസൂത്രണം ചെയ്തിട്ടുള്ളത്. പുതു സംരംഭകരെ നേരിൽ കണ്ടെത്തി സംരംഭം തുടങ്ങാനാവശ്യമായ സഹായങ്ങൾ  ലഭ്യമാക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വ്യവസായ വകുപ്പിന്റെ പദ്ധതികളും, സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും വ്യവസായ വികസന ഓഫീസർമാരോടൊപ്പം ജില്ലയിൽ 94 ഇന്റേൺസും കർമനിരതരായി രംഗത്തുണ്ട്. കൃഷി, മത്സ്യ അധിഷ്ഠിത ചെറുകിട മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രത്യേക ഊന്നൽ നൽകുന്നു. ഭക്ഷ്യ മേഖല, ടെക്സ്റ്റയിൽ ആന്റ്  ഗാർമെന്റ്സ്, ഇ-സേവനം തുടങ്ങി എല്ലാ  ഉൽപാദന സേവന മേഖലയിലുമുള്ള വ്യവസായങ്ങളും പദ്ധതിയുടെ ഭാഗമായി പുതുജീവൻ കൈവരിക്കുകയാണ്.



    No comments

    Post Top Ad

    Post Bottom Ad