ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കണ്ണൂർ: പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ചിറക്കൽ കാഞ്ഞിരത്തറ സ്വദേശി എടക്കാടൻ ഹൗസിൽ ഇ. ശശീന്ദ്രൻ -ശോഭ ദമ്പതികളുടെ മകൻ അഭിജിത്ത് (25) ആണ് മരിച്ചത്. കൂടെയുണ്ടായ വിഷ്ണു നിവാസിൽ വിപിനെ (24) ഗുരുതര പരിക്കുകളോടെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിക്കുളം യോഗീശ്വര മണ്ഡപത്തിന് മുന്നിൽ ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. മഞ്ചേരിയിലേക്ക് മരം കയറ്റിപ്പോകുകയായിരുന്ന ലോറിയും കണ്ണൂർ ഭാഗത്തു നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പൂർണമായും തകർന്ന കാറിൽ കുടുങ്ങിയവരെ പിന്നാലെയെത്തിയ വാഹനങ്ങളിലുള്ളവരും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഭിജിത്ത് മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
No comments
Post a Comment