Header Ads

  • Breaking News

    'സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചില്ല ': 'വൈറല്‍' സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക്ക് ലൈവും 'വൈറല്‍'



    പത്തനംതിട്ട: 

    തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് താന്‍ വ്യക്തിഹത്യ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ തുടരുകയാണെന്നും ഫേസ്ബുക്ക് ലൈവില്‍ വൈറല്‍ സ്ഥാനാര്‍ത്ഥി വിബിത ബാബു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മല്ലപ്പള്ളി പഞ്ചായത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു വിബിത.

    രാഷ്ട്രീയ എതിരാളികള്‍ സൈബറിടത്തില്‍ തന്നെ നിഷ്ഠൂരമായി ആക്രമിക്കുകയാണ്. ഈ നിലയിലുള്ള ആക്രമണം നേരിടാന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും എന്തിനാണ് തന്നോട് ഇത്തരത്തില്‍ വൈരാഗ്യം കാട്ടുന്നതെന്നുമാണ് വിബിത ഫേസ്ബുക്ക് ലൈവിലൂടെ ചോദിക്കുന്നത്. തെരഞ്ഞെടുപ്പില്‍ 1477 വോട്ടുകള്‍ക്കാണ് വിബിത മല്ലപ്പളി ഡിവിഷനില്‍ പരാജയപ്പെട്ടത്. 16,257 വോട്ടുകള്‍ താന്‍ നേടിയിരുന്നുവെന്നും ആ വോട്ടുകള്‍ ചെയ്തവര്‍ക്ക് വിലയില്ലേ എന്നും വിബിത ലൈവിലൂടെ ചോദിക്കുന്നുണ്ട്. ഫാഷന്‍ ഷോ പോലെയല്ല ഇലക്ഷനെ നേരിട്ടത്. സുന്ദരിയാണെന്ന് പറഞ്ഞുകൊണ്ട് താന്‍ ആരോടും വോട്ട് തേടിയിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ലെന്നും അവര്‍ പറഞ്ഞു.

    പ്രമുഖസ്ഥാനാര്‍ത്ഥികള്‍ അടക്കം എത്രയോ പേര്‍ക്ക് തോല്‍വിയുണ്ടായി, എന്നാല്‍ താന്‍ മാത്രമാണ് ഇത്തരത്തില്‍ ക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നത്. തോല്‍വി അംഗീകരിക്കുകയും വിജയിച്ച സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുകയും ചെയ്ത ആളാണ് താന്‍. ഏതോ ഒരു സ്ത്രീ ബീച്ചിലൂടെ നടക്കുന്നത് കാട്ടി അത് താനാണെന്ന് പ്രചരിപ്പിക്കുന്നത് എന്തിനാണ്. തനിക്കൊരു കുടുംബവും ഭര്‍ത്താവും മാതാപിതാക്കളും ഉണ്ട്.ഇത്രമാത്രം ഉപദ്രവിക്കാന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും വിബിത ബാബു ചോദിക്കുന്നു.

    എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ. ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനില്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ വൈറല്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലായിരുന്നു വിബിത ബാബു അറിയപ്പെട്ടിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad