പറശ്ശിനി മഹോത്സവത്തിന് ഡിസംബർ രണ്ടിന് കൊടിയേറും
ധർമ്മശാല:
പറശ്ശിനി മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് കൊടിയേറും. രാവിലെ 9.47നും 10.10നും ഇടയിൽ പി എം സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമനയില്ലത്ത് നാരായണൻനമ്പൂതിരി കൊടിയുയർത്തും. ഉച്ചക്ക് പറശ്ശിനിത്തറവാട്ടിലെ മുതിർന്ന സ്‌ത്രീ നിവേദ്യസാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. പകൽ മൂന്നിന് മുത്തപ്പൻ വെള്ളാട്ടത്തിന്റെ മലയിറക്കൽ. 3.30മുതൽ കണ്ണൂർ തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കും. സന്ധ്യക്ക് ദീപാരാധനയോടെ മുത്തപ്പൻ വെള്ളാട്ടം. രാത്രി 10ന് മുത്തപ്പന്റെ അന്തിവേല. 11ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കലശമെഴുന്നള്ളിപ്പ്.
ബുധൻ പുലർച്ചെ 5.30ന് തിരുവപ്പന വെള്ളാട്ടം ആരംഭിക്കും. 5, 6 തീയതികളിൽ രാത്രി പറശ്ശിനി മുത്തപ്പൻ കഥകളി യോഗം അരങ്ങേറും. ശനി രാവിലെ കലശാട്ടത്തോടെ മഹോത്സവം കൊടിയിറങ്ങും. തുടർന്ന് ദിവസവും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടാകും. സർക്കാർ നിയന്ത്രണമുള്ളതിനാൽ, ആചാരപ്രകാരമുള്ള കരിമരുന്ന് പ്രയോഗം ഇത്തവണയും ഉണ്ടാകില്ല.
No comments
Post a Comment