ബുക്കുചെയ്യാതെ മല ചവിട്ടാനാവില്ല, പരിശോധന കർശനമാക്കി, വെർച്വൽ ബുക്കിംഗ് കഴിഞ്ഞു, ഇനി സ്പോട്ട് ബുക്കിംഗ് മാത്രം
പമ്പ :ഹൈക്കോടതി നിർദ്ദേശ പ്രകാരം ശബരിമലയിൽ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് പാസുകളുടെ പരിശോധന പൊലീസ് കർശനമാക്കി. ഇന്നലെ പാസ് ഇല്ലാതെ പമ്പയിൽ എത്തിയവരെ നിലയ്ക്കലേക്ക് മടക്കിയയച്ച് സ്പോട്ട് ബുക്കിംഗ് പാസെടുപ്പിച്ച ശേഷമാണ് മല ചവിട്ടാൻ അനുവദിച്ചത്.
കഴിഞ്ഞ ദിവസം വെർച്വൽ ബുക്കിംഗും സ്പോട്ട് ബുക്കിംഗും ഉൾപ്പെടെ എൺപതിനായിരം പേർക്ക് മാത്രം അനുമതിയുള്ളപ്പോൾ, ഒരു ലക്ഷത്തിലേറെപ്പേർ പേർ മല ചവിട്ടിയിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് പൊലീസിനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി ചോദിച്ചിരുന്നു. വ്യാജപാസുകൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.എന്തെങ്കിലും ദുരന്തം സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനും പൊലീസിനും മാത്രമായിരിക്കുമെന്ന മുന്നറിയിപ്പും നൽകി. ഇതേതുടർന്നാണ് പാസ് കൈവശം ഉള്ളവരെ മാത്രം കടത്തിവിട്ടാൽ മതിയെന്ന് എ.ഡി.ജി.പി എസ്.ശ്രീജിത്ത് പൊലീസിന് കർശന നിർദേശം നൽകിയത്.
സംഘങ്ങളായി വരുന്നവരിൽ ചിലർക്ക് പാസില്ലെങ്കിലും കൂട്ടത്തിൽ പോകാൻ അനുവദിച്ചിരുന്നു. ഉന്നതരുടെ ശുപാർശയുമായി വരുന്നവരും ഉണ്ടായിരുന്നു. അത്തരത്തിൽ യാതൊരു പരിഗണനയും നൽകേണ്ടതില്ലെന്നാണ് നിർദേശം. മണ്ഡലപൂജ വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർണമാണ്. നിലവിൽ സ്പോട്ട് ബുക്കിംഗ് പ്രതിദിനം അയ്യായിരമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരക്ക് കുറയുന്നതനുസരിച്ച് ഇരുപതിനായിരം വരെ വർദ്ധിപ്പിക്കും.
No comments
Post a Comment