Header Ads

  • Breaking News

    പുലർച്ചെ അകത്തായത് മാരനെ കൊലപ്പെടുത്തിയ കടുവ

    പുല്‍പ്പള്ളി: മാരൻ എന്ന മധ്യവയസ്ക്കനെ കൊലപ്പെടുത്തുകയും ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടുകയും ചെയ്ത കടുവ കൂട്ടിൽ അകപ്പെടുന്നത് പുലർച്ചെ 1:30ന്.

    വണ്ടിക്കടവ് വനാതിര്‍ത്തിയില്‍ ഹാജി കടവില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. വനം വകുപ്പിൻ്റെ ലൈവ് ക്യാമറയിൽ ഉടൻ ദൃശ്യം പകരുകയും ചെയ്തു. വയനാട് വന്യജീവി സങ്കേതത്തിലുള്ള WWL 48 നമ്പർ കടുവയാണിത്. 2016ലെ ഡാറ്റാ ബേസിലാണ് കടുവയെ റെക്കോഡ് ചെയ്യപ്പെട്ടത്. പ്രായാധിക്യമുള്ളതിനാൽ ചികിൽസക്കായി കുപ്പാടിയിലുള്ള ആനിമൽ ഹോസ്പേസിലേക്ക് മാറ്റും.നിലവിൽ കാട്ടിലേക്ക് വിടാനുള്ള ആരോഗ്യം കടുവക്കില്ലെന്ന് അധികൃതർ വിശദമാക്കി.

    2018 വരെ വയനാട് വന്യജീവി സങ്കേതത്തില്‍ കണ്ടുവന്ന കടുവയെ പിന്നിട് 2025 നവംബര്‍ അവസാനം വരെ കാണുകയുണ്ടായില്ല. 2025 ഡിസംബറില്‍ ചെതലയത്ത് കാടിനകത്ത് മേച്ചിരുന്ന വളര്‍ത്ത് മൃഗങ്ങളെ പിടിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് നിരീക്ഷിച്ച് വരുന്നതിനിടെയാണ് വണ്ടിക്കടവില്‍ വനത്തിനകത്ത് വെച്ച് ദേവര്‍ഗദ്ദ ഉന്നതിയിലെ മാരനെ അക്രമിച്ച് കൊലപ്പെടുത്തിയത്.

    വനാതിര്‍ത്തിയില്‍ നാല് ട്രാപ്പ് കേജുകള്‍ സ്ഥാപിച്ച് നടത്തിയ ദൗത്യത്തിനൊടുവിലാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്.

    നാല്‍പ്പതോളം ക്യാമറാ ട്രാപ്പുകളും നാല് ലൈവ് ക്യാമറകളും സ്ഥാപിച്ചാണ് വനം വകുപ്പ് കടുവയെ നിരീക്ഷിച്ചു വന്നത്.

    2016, 2018 ഡാറ്റാ ബേസിലെ ചിത്രങ്ങളും പുതിയ ചിത്രങ്ങളും താരതമ്യം ചെയ്ത് കൂട്ടില്‍ അകപ്പെട്ടത് മാരന്റെ മരണത്തിനിടയാക്കിയ കടുവയാണെന്ന് വനം വകുപ്പ് ഉറപ്പാക്കി.

    അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോഷില്‍, അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായ മുബഷിര്‍, നസ്‌ന, മാനന്തവാടി ആര്‍ ആര്‍ ടി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറാസ്റ്റ് ഓഫീസര്‍ ആനന്ദ്, വണ്ടിക്കടവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഷ്‌റഫ്, എന്നിവരും വണ്ടിക്കടവ്, ഇരുളം, ഫോറസ്റ്റ് സ്‌റ്റേഷനിലെയും ബത്തേരി, മാനന്തവാടി ആര്‍ ആര്‍ ടിയിലെയും ബത്തേരി വെറ്ററിനറി യൂണിറ്റിലെയും വനപാലകര്‍ ചേര്‍ന്നാണ് പുലര്‍ച്ചെ 5 മണിയോടെ കടുവയെ ഹോസ്‌പൈസിലേക്ക് മാറ്റിയത്.

    കടുവ ദൌത്യത്തിനായി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന മലപ്പുറം അസി ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ശ്യാം മോഹന്‍ കടുവയെ പരിശോധിച്ചു. വൈല്‍ഡ് ലൈഫ് ഡിവിഷന്റെ ചുമതല വഹിക്കുന്ന എ ഡി സി എഫ് അരുള്‍ സെല്‍വന്‍ ഐ എഫ് എസ് നടപടികള്‍ ഏകോപിപ്പിച്ചു. ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കിയ വനപാലകരെ വനം മന്ത്രി ശ്രീ എ കെ ശശീന്ദ്രന്‍ അഭിനന്ദിച്ചു.

    No comments

    Post Top Ad

    Post Bottom Ad