വീടിനുള്ളിൽ 'ഹൈടെക്' കഞ്ചാവ് കൃഷി: വലിയതുറ സ്വദേശി പിടിയിൽ; ഷൂ റാക്കിന് പിന്നിൽ രഹസ്യത്തോട്ടം

തിരുവനന്തപുരം: വീടിനുള്ളിൽ ഷെൽഫുകൾക്കും ഷൂ റാക്കിനും പിന്നിൽ അതീവ രഹസ്യമായി കഞ്ചാവ് കൃഷി നടത്തിവന്ന യുവാവിനെ പോലീസ് പിടികൂടി. വലിയതുറ സ്വദേശി ധനുഷിനെയാണ് (24) ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. പുറംലോകം അറിയാതിരിക്കാൻ മുറിക്കുള്ളിൽ കൃത്രിമ പ്രകാശവും വായുസഞ്ചാരവും ഒരുക്കിയായിരുന്നു ഇയാളുടെ 'ഹൈടെക്' കൃഷി.
ഇന്റർനെറ്റ് നോക്കി പഠനം, മുറിയിൽ ആർക്കും പ്രവേശനമില്ല
ഇന്റർനെറ്റിൽ സെർച്ച് ചെയ്താണ് ഇൻഡോർ കഞ്ചാവ് കൃഷിയുടെ രീതികൾ ധനുഷ് പഠിച്ചെടുത്തത്. ചെടികൾക്ക് ആവശ്യമായ സൂര്യപ്രകാശത്തിന് പകരം പ്രത്യേക ലൈറ്റുകളും, വായുസഞ്ചാരത്തിനായി ഫാനുകളും മുറിക്കുള്ളിൽ സജ്ജമാക്കിയിരുന്നു. വീട്ടിലുള്ള മറ്റുള്ളവർ പോലും മുറിക്കുള്ളിൽ പ്രവേശിക്കുന്നത് ഇയാൾ വിലക്കിയിരുന്നു. ഷൂ റാക്കിനോട് ചേർന്നുള്ള രഹസ്യഭാഗത്ത് ഗ്രോബാഗിലും ട്രേയിലുമായി വളർത്തിയ 20 ദിവസം പ്രായമുള്ള ചെടികളാണ് പോലീസ് കണ്ടെടുത്തത്.
പിടികൂടിയത് ഷാഡോ പോലീസ്
പ്രതിയുടെ വീട്ടിൽ അസ്വാഭാവികമായി ആളുകൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷാഡോ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് അറസ്റ്റിലേക്ക് നയിച്ചത്. ധനുഷ് നേരത്തെ എം.ഡി.എം.എ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഷാഡോ പോലീസ് എസ്.ഐ അജേഷ്, നസിമുദീൻ, സജിത്, വരുൺഘോഷ്, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്
No comments
Post a Comment