ഓണ്‍ലൈന്‍ ഡോക്ടര്‍ അപ്പോയിന്റ്‌മെന്റ് തട്ടിപ്പ്; വയനാട് സ്വദേശിക്ക് രണ്ടേമുക്കാല്‍ ലക്ഷം നഷ്ടമായി
കൊച്ചി: ഓണ്‍ലൈനായി ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച് വയനാട് സ്വദേശിക്ക് രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടമായി. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ രീതിയിലുള്ള തട്ടിപ്പിനെ തുടര്‍ന്ന് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പിന്റെ രീതി ഇങ്ങനെ: ഗൂഗിളില്‍ ആശുപത്രിയുടെ ഫോണ്‍ നമ്പര്‍ തിരയുന്നവരെയാണ് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്. ഇവര്‍ നല്‍കുന്ന വ്യാജ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍, അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇതിനായി ഒരു ലിങ്കും അയച്ചുനല്‍കും.
ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം, ബുക്കിംഗ് ഉറപ്പിക്കുന്നതിനായി അഞ്ച് രൂപ പോലുള്ള ചെറിയ തുക അടയ്ക്കാന്‍ പറയും. ഈ പണമിടപാട് നടത്തുന്നതോടെ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുകയോ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുകയോ ചെയ്താണ് തട്ടിപ്പുസംഘം അക്കൗണ്ടില്‍ നിന്ന് വലിയ തുകകള്‍ പിന്‍വലിക്കുന്നത്. ഓണ്‍ലൈന്‍ സേവനങ്ങളുടെ സൗകര്യം മുതലെടുക്കുന്ന തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
No comments
Post a Comment