സർക്കാർ വണ്ടികൾ ‘കെഎൽ 90' ആകും ; കരട് വിജ്ഞാപനമായി
കേന്ദ്ര സംസ്ഥന സർക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്ക് പ്രത്യേക രജിസ്‌ട്രേഷൻ സീരീസ് ഏർപ്പെടുത്താൻ കേരളം. ഇതിന്റെ കരട് വിജ്ഞാപനം ബുധനാഴ്ച പുറത്തിറക്കി. അർധ സർക്കാർ സ്ഥാപനം, ബോർഡ്, കോർപറേഷൻ തുടങ്ങിയവയുടെ വാഹനങ്ങൾക്കെല്ലാം ‘കെ എൽ 90’ ഗ്രൂപ്പ് ലെറ്ററുകളും രജിസ്‌ട്രേഷൻ കോഡും നൽകും. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ‘കെഎൽ 90’ നമ്പറുകളാകും നൽകുക.
കേന്ദ്ര സർക്കാർ വകുപ്പുകളുടെയും കേന്ദ്ര സർക്കാരിന്റെയും നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് കെ എൽ 90നു ശേഷം എ എന്നും തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ബി എന്നും അർധസർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, രജിസ്റ്ററിങ് അതോറിറ്റിക്ക് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്ന് ബോധ്യപ്പെടുന്ന മറ്റേതെങ്കിലും സ്ഥാപനങ്ങൾ, ഡീംഡ് യൂണിവേഴ്സിറ്റികൾ ഒഴികെയുള്ള യൂണിവേഴ്സിറ്റികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ എന്നിവയ്ക്ക് സി എന്നും നൽകും. രജിസ്ട്രേഷൻ നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായാൽ രജിസ്റ്ററിങ് അതോറിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
സർക്കാർ വാഹനങ്ങളെല്ലാം ഒരു ആർടി ഓഫിസിൽ രജിസ്റ്റർ ചെയ്യും. തിരുവനന്തപുരത്ത് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്–2 ൽ റജിസ്റ്റർ ചെയ്യാനാണ് നിർദേശം. റീജണൽ ട്രാൻസ്പോർട്ട് ഓഫിസ് –1 ലാണ് കെഎസ്ആർടിസി ബസുകൾ റജിസ്റ്റർ ചെയ്തുവരുന്നത്. ഇൗ വാഹനങ്ങൾക്ക് കെഎൽ 15 എന്ന രജിസ്‌ട്രേഷൻ കോഡ് നിലനിർത്തും. കേരള സർക്കാർ ബോർഡ് വച്ച വാഹനങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് നിരവധി പരാതികൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക സീരീസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിലവിലെ നിയമത്തിൽ സർക്കാർ വാഹനങ്ങൾക്കായി പ്രത്യേക രജിസ്‌ട്രേഷൻ മാർക്ക് നൽകാൻ വ്യവസ്ഥയില്ലായിരുന്നു. ഒരു മാസത്തിനകം അന്തിമ വിജ്ഞാപനമിറക്കും.
No comments
Post a Comment