മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നോട്ടീസ്
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. മരട് പൊലീസാണ് നോട്ടീസ് നൽകിയത്. സൗബിൻ ഷാഹിറിന് പുറമേ സഹ നിർമാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിർമാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ആഗോള തലത്തിൽ 235 കോടിയിലധികം രൂപ കളക്ട് ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്
No comments
Post a Comment