കോർപറേഷനിലും നഗരസഭകളിലും നായ വളർത്തൽ അത്ര ‘ചില്ലറ’ക്കാര്യമല്ല
കണ്ണൂർ: വളർത്തുനായ്ക്കളുടെ ലൈസൻസിനായി ഉയർന്ന ഫീസ് ഈടാക്കി കോർപറേഷനും നഗരസഭകളും. പഞ്ചായത്തുകൾ 50 രൂപ മാത്രം ഈടാക്കുമ്പോൾ കണ്ണൂർ കോർപറേഷനും തലശ്ശേരി, തളിപ്പറമ്പ്, ശ്രീകണ്ഠപുരം എന്നീ നഗരസഭകളും ഈടാക്കുന്നത് 500 രൂപയാണ്. കോർപറേഷനും മുനിസിപ്പാലിറ്റികൾക്കും ബൈലോ പ്രകാരം ഇഷ്ടമുള്ള ഫീസ് ഈടാക്കാമെങ്കിലും 50 രൂപ മാത്രം ഈടാക്കുന്ന നഗരസഭകളുള്ളപ്പോഴാണ് ചില തദ്ദേശസ്ഥാപനങ്ങൾ 10 ഇരട്ടി തുക ഈടാക്കി ജനങ്ങളെ വലയ്ക്കുന്നത്. കൂത്തുപറമ്പ്, പയ്യന്നൂർ നഗരസഭകൾ 50 രൂപ മാത്രമാണ് ഈടാക്കുന്നത്.
കൂത്തുപറമ്പ് നഗരസഭയിൽ കഴിഞ്ഞ ദിവസം വരെ 40 രൂപ മാത്രമായിരുന്നു ഫീസ്. ഇന്നലെ മുതൽ 50 രൂപയായി. പഞ്ചായത്തുകളിൽ 10 രൂപയായിരുന്ന ഫീസ് ഇന്നലെ മുതൽ 50 രൂപയാക്കി ഉയർത്തി. കണ്ണൂർ കോർപറേഷൻ ഉൾപ്പെടെ 500 രൂപ ഫീസ് ഈടാക്കുമ്പോൾ കൊച്ചി കോർപറേഷൻ ഈടാക്കുന്നത് 105 രൂപയാണ്. തൃശൂർ കോർപറേഷനിൽ 100 രൂപയാണ് ഫീസ്. കൊല്ലം കോർപറേഷനിൽ 250 രൂപ. ഫീസിന്റെ കാര്യത്തിൽ ഏകീകൃത സ്വഭാവം കൊണ്ടുവരണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വളർത്തുനായ ലൈസൻസിനായി തദ്ദേശ സ്ഥാപനങ്ങളുടെ ഓഫിസിൽ പോകാതെതന്നെ അപേക്ഷ സമർപ്പിക്കാം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ഫീസ് അടച്ച് അപേക്ഷ നൽകാം. വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകിയതിന്റെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ലൈസൻസ് ഓൺലൈനായോ തപാലിലോ ലഭിക്കും.
കുത്തിവയ്പ് സൗജന്യം വളർത്തുനായ്ക്കൾക്ക് മൃഗാശുപത്രികളിൽ പേവിഷ പ്രതിരോധ വാക്സീൻ സൗജന്യമായാണു നൽകുന്നത്. ടിക്കറ്റ് നിരക്കായി 15 രൂപയും സർട്ടിഫിക്കറ്റിനായി 15 രൂപയും ചേർത്ത് 30 രൂപ ഈടാക്കും.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ വളർത്തുനായ ലൈസൻസിനു നൽകേണ്ട ഫീസ് ഇങ്ങനെ:
∙പഞ്ചായത്തുകൾ –50 രൂപ
∙കണ്ണൂർ കോർപറേഷൻ– 500 രൂപ
നഗരസഭകൾ
∙ആന്തൂർ–250
∙ഇരിട്ടി–200
∙കൂത്തുപറമ്പ്–50
∙പാനൂർ–300
∙പയ്യന്നൂർ–50
∙ശ്രീകണ്ഠപുരം–500
∙തലശ്ശേരി–500
∙തളിപ്പറമ്പ്– 500
∙മട്ടന്നൂർ–200
No comments
Post a Comment