Header Ads

  • Breaking News

    ടിപ്പർ ഇൻഷുറൻസിന് ആപ്പേ ഓട്ടോറിക്ഷ നമ്പർ; വൻ തുക തട്ടിയ പ്രതി പിടിയില്‍





    ഇടുക്കി: വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ കൃത്രിമം നടത്തി വൻ തുക തട്ടിയ കേസിൽ ഒരാൾ പിടിയിൽ. തൊടുപുഴ, തടിയമ്പാട്, കട്ടപ്പന, കുമളി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങളുടെ ഇൻഷുറൻസ് ഇടപാടുകൾ നടത്തുന്ന ഇടുക്കി പാണ്ടിപ്പാറ വെള്ളാരംപൊയ്കയിൽ വിശാഖിനെയാണ് പൊലീസ് പിടികൂടിയത്.
    തങ്കമണി സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവറുടെ പരാതിയെ തുടർന്നാണ് തട്ടിപ്പിന്റെ കഥ പുറത്തു വരുത്തുന്നത്. സംഭവം പുറത്തറിഞ്ഞതോടെ സമാനമായ പത്ത് പരാതികൾ ഇതിനോടകം വേറെയും ലഭിച്ചു. കട്ടപ്പന, തങ്കമണി, മുരിക്കാശേരി ഉൾപ്പടെ ജില്ലയിൽ പല സ്റ്റേഷനുകളിലായാണ് പരാതികൾ ലഭിച്ചത്. ഇനിയും കൂടുതൽ പരാതികൾ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

    തങ്കമണി സ്വദേശിയുടെ ടിപ്പർ ലോറിക്ക് ഇൻഷുറൻസ് എടുക്കുന്നതിനായി വിശാഖിനെ സമീപിച്ചിരുന്നു. ഇയാളിൽ നിന്ന് പ്രതി വിശാഖ് ഇൻഷുറൻസ് തുകയായ 39,000 രൂപ വാങ്ങി ആപ്പേ ഓട്ടോറിക്ഷയുടെ നമ്പർ വച്ച് ഇൻഷുറൻസ് എടുത്ത ശേഷം പോളിസി കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് ടിപ്പർ ലോറിയുടെ നമ്പർ അടിച്ച് നൽകി. ഇൻഷുറൻസ് ക്ലെയിമിനായി ലോറി ഉടമയ്ക്ക് ആവശ്യം വന്നപ്പോഴാണ് പോളിസി വ്യാജമാണെന്ന് തിരിച്ചറിയുന്നത്. ഉടൻ തന്നെ തങ്കമണി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

    കട്ടപ്പന ഡിവൈ.എസ്പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം തന്ത്രപൂർവ്വം പ്രതിയെ വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. ടിപ്പർ, മിനി ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ടിപ്പർ ലോറികൾക്ക് പെട്ടി ഓട്ടോ റിക്ഷകളുടെയും , മിനി ബസുകൾക്ക് ടാക്സി കാറുകളുടെയുമാണ് ഇൻഷുറൻസ് എടുത്ത് നൽകിയിരുന്നത്. ഇത്തരത്തിൽ പത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട് . തങ്കമണി സി.ഐ അജിത്തിനാണ് അന്വേഷണ ചുമതല.


    No comments

    Post Top Ad

    Post Bottom Ad