Header Ads

  • Breaking News

    കുട്ടികൾക്ക്​ ഇനി ‘ചിരി’യിലൂടെ​ പുഞ്ചിരിക്കാം


    കണ്ണൂർ: കുട്ടികളിൽ പരീക്ഷഫലങ്ങളും പഠനഭാരങ്ങളും സൃഷ്ടിക്കുന്ന മാനസിക സമ്മർദത്തിന്​ ഇനി ‘ചിരി’യിലൂടെ പരിഹാരം. ഓഫ്​ലൈൻ പഠന കാലത്തെ കുട്ടികളിലെ മാനസിക സമ്മർദം ലഘൂകരിക്കാനായി ‘ചിരി’ പദ്ധതി വിപുലീകരിക്കാനൊരുങ്ങി പൊലീസ്​. പരീക്ഷ ഫലങ്ങളും പഠന ഭാരങ്ങളും കുട്ടികളിലേൽപിക്കുന്ന മാനസിക സംഘർഷത്തിന്​ പരിഹാരം കാണാനാണ്​ കൈത്താങ്ങുമായി ‘ചിരി’ പദ്ധതിയിലൂടെ പൊലീസ്​ വീണ്ടും മുന്നിട്ടിറങ്ങുന്നത്​.

    കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായി രണ്ട്​ വർഷം മുമ്പാണ്​ കേരള പൊലീസ്​ ‘കാപ്​’ (ചിൽഡ്രൻ ആൻസ്​​ പൊലീസ്​) പദ്ധതിയിലൂടെ ‘ചിരി’ക്ക്​ തുടക്കം കുറിച്ചത്. ചിരിയുടെ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി കോവിഡ്​ കാലത്ത്​ വിളിച്ചിരുന്നു. ആയിരക്കണക്കിന്​ ഫോൺ കാളുകളാണ്​ പദ്ധതിയുടെ കാൾ സെന്‍ററിലേക്ക്​ എത്തിയിരുന്നത്​. ഓണ്‍ലൈന്‍ പഠനത്തിന്‍റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്‍റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കാള്‍ സെന്‍ററുമായി ​ പങ്കുവെച്ചിരുന്നത്​. മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവക്ക്​ പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കാളുകൾ. ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ചിരി കാള്‍ സെന്‍ററില്‍നിന്ന് അടിയന്തരമായി പരിചയസമ്പന്നരായ മന:ശാസ്ത്ര വിദഗ്ധരുടെ സേവനവും ലഭ്യമാക്കാൻ പൊലീസിന്​ സാധിച്ചിട്ടുണ്ട്​.

    കോവിഡിനുശേഷം പദ്ധതിയുടെ പ്രവർത്തനം ഏതാണ്ട്​ നിലച്ച മട്ടായിരുന്നു. നിലവിൽ എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ഫലങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദം ലഘൂകരിക്കാനാണ്​ ‘ചിരി’ വിപുലീകരിക്കാൻ തീരുമാനിച്ചത്​. ‘ചിരി’യുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് കുട്ടികളെ കൂടാതെ അധ്യാപകർക്കും മാതാപിതാക്കൾക്കും പ്രശ്നങ്ങൾ പങ്കുവെക്കാൻ വിളിക്കാം. മാനസികപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്ക് ​ ടെലിഫോണിലൂടെ തന്നെ കൗണ്‍സലിങ്​ നല്‍കുന്നുണ്ട്. ജില്ലയിൽ കണ്ണൂർ ടൗൺ, പാനൂർ, കൂത്തുപറമ്പ്​ പൊലീസ്​ സ്​റ്റേഷനുകളാണ്​ ‘കാപ്പി​’ന്​ കീഴിലുള്ള ശിശു -സൗഹൃദ സ്​റ്റേഷനുകളായുള്ളത്​. കൗൺസലിങ്ങിനെ കൂടാതെ കൂടുതൽ സേവനം ആവശ്യമുള്ള കുട്ടികളുടെ വിവരങ്ങൾ അതത്​ സ്​റ്റേഷനുകളിലെ ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക്​ കൈമാറും. ഇവർ തുടർ നടപടി സ്വീകരിച്ച്​ കുട്ടികൾക്ക്​ ആവശ്യമായ സഹായം ലഭ്യമാക്കുന്ന രീതിയിലാണ്​ പ്രവർത്തനം. എല്ലാ ജില്ലകളിലെയും അഡീഷനല്‍ എസ്.പി.മാരും സ്റ്റുഡന്‍റ് പൊലീസ് കാഡറ്റിന്‍റെ ചുമതലയുള്ള ഡിവൈ.എസ്.പി.മാരുമാണ് ‘ചിരി’ പദ്ധതിയുടെ ഏകോപനം നിര്‍വഹിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad