ചികിത്സയിലെ പിഴവ്; പോലീസ് ഇൻസ്പെക്ടർക്ക് അഞ്ചുലക്ഷംരൂപ നൽകാൻ വിധി
തളിപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പോലീസ് ഇൻസ്പെക്ടർ തൃച്ചംബരത്തെ പാറയിൽ ഹൗസിൽ മുരളീധരന് വിദഗ്ധ ചികിത്സ നൽകുന്നതിൽ വീഴ്ചവരുത്തിയതിന് അഞ്ചുലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. എൻ എൻ റിയാസും ആസ്പത്രിയുടെ അന്നത്തെ ഭരണസമിതിയും ചേർന്നാണ് തുക നൽകേണ്ടത്, ഡോക്ടർ നാലുലക്ഷം രൂപയും ഭരണ സമിതി 1 ലക്ഷം രൂപയുമാണ് നൽകേണ്ടത്. 2010 ജൂലൈ 12ന് രാത്രി 8.30 ന് ധർമ്മശാലയിലുണ്ടായ അപകടത്തിലാണ് പോലീസ് ഓഫീസർക്ക് പരിക്കേറ്റത്. സി.ഐ. സഞ്ചരിച്ച കാർ ടാങ്കർലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാലിലും തലയിലും സാരമായി പരിക്കേറ്റ മുരളീധരനെ തളിപ്പറമ്പ് താലൂക്കാസ്പത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ ചികിത്സ നൽകുന്നതിൽ ഓർത്തോ വിഭാഗത്തിൽനിന്ന് കാര്യമായ വീഴ്ചയുണ്ടായതായാണ് പരാതി. മംഗളുരു ആശുപത്രിയിലെത്തിച്ചെങ്കിലും സാരമായി പരിക്കേറ്റ വലതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചു മാറ്റേണ്ടി വന്നു. അഡ്വ.ടി.ദിലീപ് കുമാർ മുഖേനയാണ് മുരളീധരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

No comments
Post a Comment