Header Ads

  • Breaking News

    ജനങ്ങൾ സർക്കാർ ആശുപത്രിയുമായി കൂടുതൽ അടുക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ



    ലക്ഷങ്ങൾ മുടക്കി സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതിന് പകരം ജനങ്ങൾ സർക്കാർ ആശുപത്രികളുമായി കൂടുതൽ അടുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പീഡിയാട്രിക് ഐ സി യു, സൗരോർജ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും ആശുപത്രി മാസ്റ്റർ പ്ലാൻ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രസവ ശുശ്രൂഷക്ക് ഉൾപ്പടെ പലരും പണം കടം വാങ്ങിയാണ് സ്വകാര്യ ആശുപത്രികളിൽ എത്തുന്നത്. മികച്ച സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രികളിലെ സേവനം ഉപയോഗപ്പെടുത്താൻ മടിക്കുന്നു. സൗജന്യ ചികിത്സ നേടുന്നത് അഭിമാന ക്ഷതമായാണ് ചിലരെങ്കിലും കാണുന്നത്. ഈ കാഴ്ച്ചപ്പാട് മാറണം. രാജ്യത്ത് ശിശു മരണം, ഗർഭിണികളുടെ മരണം എന്നിവ കുറഞ്ഞ സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലയാളിയുടെ ആയുർദൈർഘ്യം പത്ത് വർഷം കൂടുതലാണ്. ഇത് കേരളത്തിലെ ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന്റെ മികവ് കൊണ്ടാണ്. മാങ്ങാട്ടുപറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വളർച്ചയുടെ പാതയിലാണ്. പൂർണമായി സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആശുപത്രിയാക്കി  ഇതിനെ മാറ്റുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.തളിപ്പറമ്പ് നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ 29.50 ലക്ഷം രൂപ വകയിരുത്തിയാണ് പീഡിയാട്രിക് ഐ സി യു സജ്ജമാക്കിയത്.

    നാല് ഐ സി യു കിടക്കകൾ, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. പുരപ്പുറ സൗരോർജ പദ്ധതിയിലൂടെ നിർമ്മിച്ച 30 കിലോവാട്ട് ഓൺഗ്രിഡ് സോളാർ പവർ പ്ലാന്റിൽ നിന്നും പ്രതിദിനം 120 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. 25 വർഷത്തേക്ക് ആവശ്യമായ മുഴുവൻ വികസന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുള്ള മാസ്റ്റർ പ്ലാനാണ് കിറ്റ്‌കോ തയ്യാറാക്കിയത്. ഒമ്പത് നിലകളിലായി സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിവിധ സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങൾ പ്ലാനിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഭരണാനുമതി ലഭിച്ച മഴവെള്ള സംഭരണി, നാല് നിലകളുള്ള കാഷ്വാലിറ്റി-അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അഗ്‌നി സുരക്ഷ സംവിധാനം, സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവയുടെ സ്ഥാനവും പ്ലാനിൽ വ്യക്തമാക്കിയിട്ടുണ്ട്.ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ മുഖ്യാതിഥിയായി. ഡി എം ഒ ഇൻ ചാർജ് ഡോ. എം പ്രീത,  നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, കെ എസ് ഇ ബി ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സർക്കിൾ എക്‌സിക്യുട്ടീവ് എഞ്ചിനീയർ ഇൻ ചാർജ് സാനു ജോർജ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി കെ മുഹമ്മദ് കുഞ്ഞി, കൗൺസിലർ എം പി നളിനി, എം വി ആർ ആയുർവ്വേദ മെഡിക്കൽ കോളേജ് എം ഡി ഇ കുഞ്ഞിരാമൻ, എച്ച് ഡി എസ് അംഗം പി എൻ രാജപ്പൻ, ആശുപത്രി സൂപ്രണ്ട് ഡോ. സി കെ ജീവൻലാൽ, ആശുപതി ആർ എം ഒ ഡോ. വൈശാഖ് വസന്ത് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.



    No comments

    Post Top Ad

    Post Bottom Ad