Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

    ദേശീയ കർഷക ഡാറ്റാബേസ്: വിവരങ്ങൾ നൽകണം
     
    കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ കാർഷിക മിഷന്റെ ഭാഗമായി ദേശീയ കർഷക ഡാറ്റാ ബേസ് തയ്യാറാക്കുന്നു. രാജ്യത്ത് കർഷകർക്ക് നൽകുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാർവത്രികമായി ഓൺലൈൻ സൈൻ-ഇൻ സേവന സൗകര്യങ്ങൾ സുഗമമാക്കുന്നതിനാണ് ഡാറ്റാബേസ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ ലഭ്യമായ കർഷക ഡാറ്റാ ബേസ് ആയ പിഎം കിസാൻ ഡാറ്റാ ബേസ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. സമയബന്ധിതമായി കൃഷിഭൂമിയുടെ വിവരങ്ങൾ പിഎം കിസാൻ ഡാറ്റാബേസിലേക്ക് മാപ്പ് ചെയ്യുന്നതിന് ഗുണഭോക്താക്കൾ കൃഷിഭൂമിയുടെ വിവരങ്ങൾ എയിംസ് പോർട്ടൽ വഴി റവന്യൂ വകുപ്പിന്റെ റിലിസ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ കൃഷി ഭവനിൽ നിന്നും ലഭിക്കും. ഫോൺ: 0471 2968122, 0471 2303990.
     
    വ്യവസായ യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു
     
    പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി (പി എം ഇ ജി പി), സംസ്ഥാന സർക്കാരിന്റെ ‘എന്റെ ഗ്രാമം’ പദ്ധതി എന്നിവ പ്രകാരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി എം ഇ ജി പിയിൽ പുതുതായി ആരംഭിക്കുന്ന യൂണിറ്റുകൾക്ക് 25 മുതൽ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ഉൽപാദന യൂണിറ്റുകൾക്ക് 50 ലക്ഷം രൂപ വരെയും സർവീസ് യൂണിറ്റുകൾക്ക് 20 ലക്ഷം രൂപ വരെയും പദ്ധതിച്ചെലവ് വരുന്ന സംരംഭങ്ങൾ തുടങ്ങാൻ അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ്ഗം, ഒ ബി സി, വനിതകൾ, ഭിന്നശേഷിക്കാർ, ന്യൂനപക്ഷം, വിമുക്ത ഭടൻമാർ എന്നീ വിഭാഗങ്ങൾക്ക്് 35 ശതമാനവും പൊതുവിഭാഗത്തിന് 25 ശതമാനവും സബ്സിഡി ലഭിക്കും. അപേക്ഷ www.kviconline.gov.in വഴി സമർപ്പിക്കണം. ‘എന്റെ ഗ്രാമം’ പദ്ധതിയിൽ ഗ്രാമീണ മേഖലയിൽ ആരംഭിക്കുന്ന യൂണിറ്റുകൾക്ക് 25 മുതൽ 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ഉൽപാദന, സർവീസ് യൂണിറ്റുകൾ എന്ന ഭേദമില്ലാതെ പരമാവധി അഞ്ചു ലക്ഷം രൂപ പദ്ധതിച്ചെലവ് വരുന്ന യൂണിറ്റുകൾക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 40 ശതമാനം, ഒ ബി സി, വനിത 30, പൊതുവിഭാഗത്തിന് 25 ശതമാനം എന്നിങ്ങനെയാണ് സബ്‌സിഡി ലഭിക്കുക. അപേക്ഷ segp.kkvib.org മുഖാന്തിരം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0497 2700057.

    ധനമന്ത്രി കെ എൻ ബാലഗോപാൽ 21ന് ജില്ലയിൽ
     
    ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ജൂൺ 21 ചൊവ്വാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9 മണി-പഴയങ്ങാടി സബ് ട്രഷറി കെട്ടിടോദ്ഘാടനം. 11 മണി-മട്ടന്നൂർ ട്രഷറി കെട്ടിടോദ്ഘാടനം.

    സീനിയോറിറ്റി പുതുക്കാം
     
    2000 ജനുവരി ഒന്ന് മുതൽ 2022 മാർച്ച് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടൻമാർക്ക് ജൂൺ 30 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ ജില്ല സൈനിക ക്ഷേമ ഓഫീസിൽ നിന്നും രജിസ്ട്രേഷൻ പുതുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
     
     
    ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
     
    തോട്ടടയിലെ കണ്ണൂർ ഗവ. ഐ ടി ഐയിൽ വയർമാൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ, ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ള ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ജൂൺ 22ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. മുൻഗണനാ വിഭാഗക്കാരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ: 0497 2835183.
     
     
    ഗസ്റ്റ് അധ്യാപക നിയമനം
     
    നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട  വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 22ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 9400006493.  
     
     
    ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
     
    കണ്ണൂർ ഗവ. വനിത ഐ ടി ഐയിൽ എംപ്ലോയബിലിറ്റി സികിൽ വിഷയം പഠിപ്പിക്കാൻ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം ബി എ/ ബിരുദം/ ഡി ജി ടി സ്ഥാപനങ്ങളിൽ നിന്നും എംപ്ലോയബിലിറ്റി സികിൽ വിഷയത്തിൽ ഷോർട്ട് ടേം ടി ഒ ടി കോഴ്സോടുകൂടിയ ഡിപ്ലോമ യോഗ്യതയുള്ള ജനറൽ വിഭാഗത്തിലെ (മുൻഗണനേതര) ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമയി ജൂൺ 21ന് രാവിലെ 10.30ന് ഐ ടി ഐയിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04972835987


     പാരമ്പര്യേതര ട്രസ്റ്റി നിയമനം

    തലശ്ശേരി വില്ലേജിലെ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ  ജൂൺ 18ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോം കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ: 0490 2321818.
     
     
    മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
     
    കേരള, കർണാടക തീരങ്ങളിൽ ജൂൺ 17, 18, 19 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
     
     
    ലെവൽക്രോസ് അടച്ചിടും
     
    ഇരിണാവ് – അഞ്ചാംപീടിക റോഡിലെ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 251 എ നമ്പർ ലെവൽക്രോസ് ജൂൺ 18 ശനി രാവിലെ ഒമ്പത് മണി മുതൽ 27ന് രാത്രി എട്ട് മണി വരെയും കണ്ണപുരം-ധർമ്മശാല റോഡിലെ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലെ 252 നമ്പർ ലെവൽക്രോസ് ജൂൺ 19ന് രാവിലെ ഒമ്പത് മണി മുതൽ  21ന് രാത്രി എട്ട് മണി വരെയും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
     
     
    വാക്ക് ഇൻ ഇന്റർവ്യു
     
    സി-ഡിറ്റ് ഒപ്റ്റിക്കൽ ഇമേജ് പ്രോസസിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് കാഷ്വൽ ലേബർ നിയമനം നടത്തുന്നു. പത്താം തരം യോഗ്യതയുള്ള, ഐ ടി ഐ കോഴ്സ് വിജയിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർത്ഥികൾക്കാണ് നിയമനം. പ്രതിദിനം 650 രൂപ നിരക്കിൽ വേതനം. താൽപര്യമുള്ളവർ ജൂൺ 28ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം തിരുവല്ലത്തെ സി-ഡിറ്റ് മെയിൻ ക്യാമ്പസിൽ വാക് ഇൻ ഇന്റർവ്യുവിന് ഹാജരാവുക. ഫോൺ 0471 2380910, 2380912.
     
     
    സെറിമോണിയൽ ഡ്രസ് വിതരണം 18ന്
     
    ജില്ലാ പഞ്ചായത്തിന്റെ നേതൃത്തിൽ എസ് പി സി വിദ്യാർത്ഥികൾക്കുള്ള സെറിമോണിയൽ ഡ്രസ് വിതരണം ജൂൺ 18 ശനി രാവിലെ 11.30ന് ജില്ലാ പഞ്ചായത്തിൽ നടക്കും. തുടർന്ന് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പി ടി എ പ്രസിഡണ്ടുമാരുടെയും യോഗം ചേരും.
     
     
    ക്വട്ടേഷൻ ക്ഷണിച്ചു
     
    കണ്ണൂർ ഡയറ്റ് പ്രിൻസിപ്പലിന്റെ ഔദ്യോഗിക ഉപയോഗത്തിന് 5/7 സീറ്റ് കാർ ആവശ്യമുണ്ട്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30ന് വൈകിട്ട് നാല് മണി. ഫോൺ: 0490 2346658

    No comments

    Post Top Ad

    Post Bottom Ad