Header Ads

  • Breaking News

    തളിപ്പറമ്പിൽ കോവിഡ് കൂടുന്നു; പോലീസ് നടപടി ശക്തം

    തളിപ്പറമ്പ്

    സമ്പർക്കം വഴിയുള്ള കോവിഡ് രോഗവ്യാപനം കൂടിയതിനെത്തുടർന്ന് തളിപ്പറമ്പിലും പരിസരത്തും പോലീസ് നടപടികൾ ശക്തമാക്കി. തളിപ്പറമ്പ് നഗരസഭ മുഴുവനായും നിലവിൽ കൺടെയ്‌ൻമെൻറ്‌ സോണിലാണ്. കൂടാതെ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആന്തൂർ നഗരസഭയുടെ ഏതാനും പ്രദേശങ്ങളും പട്ടുവം, കുറുമാത്തൂർ, ചപ്പാരപ്പടവ്‌ പഞ്ചായത്തുകളിലും കൺടെയ്‌ൻമെന്റ് സോൺ പ്രദേശങ്ങളുണ്ട്. ഇവിടെയെല്ലാം റോഡുകൾ അടച്ചിട്ടു.

    കേസെടുത്തു

    തളിപ്പറമ്പിൽ ഗുഡ്സ് ഓട്ടോറിക്ഷകളിലും മറ്റുമായി സാധനങ്ങൾ വില്പന നടത്തിയതിന് 12 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു. വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

    മന്ന, ടൗൺ, തൃച്ചംബരം പ്രദേശങ്ങളിൽ കടകൾ തുറന്നുപ്രവർത്തിച്ചതിന് 10 ആളുകളുടെ പേരിലും കേസെടുത്തു. നഗരസഭാപരിധിയിൽ സമീപകാലത്താണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായത്. സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം കൂടിയതാണ് ആരോഗ്യപ്രവർത്തകരെയും പോലീസിനെയും വലയ്ക്കുന്നത്. താലൂക്ക് ആസ്പത്രിക്ക് സമീപം മൂന്നു വാർഡുകളിലായി 12 കോവിഡ് രോഗികളാണ് ഇതുവരെയുണ്ടായത്. ഇതു കൂടാതെ മറ്റു വാർഡുകളിൽ നിന്നെല്ലാമായി 14 പേർക്കും രോഗബാധയുണ്ടായി. ഏഴോം, പരിയാരം, കുറുമാത്തൂർ, പട്ടുവം, ചപ്പാരപ്പടവ് തുടങ്ങി തളിപ്പറമ്പ് നഗരസഭയ്ക്ക് സമീപത്തെ പഞ്ചായത്തുകളിലും കോവിഡ് രോഗവ്യാപന ഭീതിയുണ്ട്. ടൗൺ പരിസരം നിരീക്ഷിക്കാൻ ബുധനാഴ്ച ജില്ലാ പോലീസ് മേധാവി തളിപ്പറമ്പിലെത്തിയിരുന്നു.

    60 കഴിഞ്ഞ രോഗികൾക്ക് നിയന്ത്രണം

    പാപ്പിനിശ്ശേരി: കോവിഡ് രോഗ വ്യാപനം ശക്തമായതിനാൽ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 60 വയസ്സ് കഴിഞ്ഞ രോഗികൾക്ക് നിയന്ത്രണമേർപ്പെടുത്തി. വെള്ളിയാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. പ്രായമേറിയവർക്കും കുട്ടികൾക്കും രോഗം പെട്ടെന്ന് ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. ജീവിതശൈലി രോഗങ്ങൾക്ക് മരുന്ന് വാങ്ങുന്ന വയോജനങ്ങൾക്കെല്ലാം ആശാവർക്കർമാർ മുഖേന മരുന്നുകൾ നേരിട്ട് എത്തിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയതായി പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണൻ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad