Header Ads

  • Breaking News

    ബ്ലാസ്റ്റേഴ്സ് ഇനി കോഴിക്കോടും പന്ത് തട്ടും

    കോഴിക്കോട് :
    ഇനി കേരളാ ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടും പന്ത് തട്ടും. വരുന്ന സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ കുറച്ച് മല്‍സരങ്ങള്‍ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ വച്ച് നടത്താന്‍ ധാരണ.

    അടുത്ത സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൌണ്ടായി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം അനുവദിക്കുന്നതിന് ധാരണയായി. മേയറുടെ അധ്യക്ഷതയില്‍ ഇന്നലെ രാവിലെ 11 30ന് നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. എം.എല്‍.എ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളും ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു.

    കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകം. കൊച്ചിയെ കൂടാതെ കാല്‍പന്തിന് ആരാധകര്‍ ഏറെയുള്ള കോഴിക്കോട്ടും പന്ത് തട്ടാന്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന്‍റ ബാക്കിയെന്നോണമാണ് തീരുമാനം. മത്സരം സംഘടിപ്പിക്കാൻ വേണ്ട നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കാന്‍ യോഗത്തില്‍ ധാരണയായി.

    സ്റ്റേഡിയത്തിൽ വേണ്ട മാറ്റങ്ങള്‍ വരുത്താനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ കോർപറേഷൻ ബ്ലാസ്‌റ്റേഴ്സ് മാനേജ്മെന്റിനെ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങൾ വിലയിരുത്താൻ ഈ മാസം പത്തിന് വീണ്ടും യോഗം ചേരും. നിലവിൽ ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൌണ്ടാണ് ഇ.എം.എസ് സ്റ്റേഡിയം. വരും സീസണില്‍ കോഴിക്കോട്ട് മല്‍സരങ്ങള്‍ നടന്നാല്‍ രണ്ട് ഹോം ഗ്രൌണ്ടുളള ഏക ടീമായി മഞ്ഞപ്പട മാറും.

    No comments

    Post Top Ad

    Post Bottom Ad