Header Ads

  • Breaking News

    എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ; വിദ്യാർഥികളെ ഇട കലർത്തി ഇരുത്തില്ല


    മാർച്ച് 10നു തുടങ്ങുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളിൽ വിദ്യാർഥികളെ ഇട കലർത്തി ഇരുത്തില്ല. സംസ്ഥാനത്തെ 2,034 ൽ 1,689 പരീക്ഷാ കേന്ദ്രങ്ങളിലും ഹയർ സെക്കൻഡറി, എസ്എസ്എൽസി വിദ്യാർഥികളെ പ്രത്യേകം ഇരുത്തി പരീക്ഷ എഴുതിക്കാനുള്ള സ്ഥലസൗകര്യമുണ്ട്. ശേഷിക്കുന്ന 345 സ്കൂളുകളിൽ മാത്രമേ അത്യാവശ്യം ഇടകലർത്തേണ്ട സാഹചര്യം ഉണ്ടാകൂവെന്നു സ്കൂൾ ക്യുഐപി (ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) മോണിറ്ററിങ് കമ്മിറ്റി യോഗം വിലയിരുത്തി. ഇവിടെയും പരമാവധി വെവ്വേറെ മുറികളിൽ പരീക്ഷയ്ക്കു ശ്രമിക്കുന്നുണ്ട്. 58 സ്കൂളുകളിൽ കൂടുതൽ സ്ഥലസൗകര്യമുള്ള ക്ലാസുകളിൽ മൂന്നു വീതം ബെഞ്ചും ഡസ്ക്കും അധികം ഇട്ട് 40 കുട്ടികളെ വരെ ഇരുത്തി പരീക്ഷ നടത്തേണ്ടി വരും.
    8,9 ക്ലാസ് കുട്ടികളുടെ വാർഷിക പരീക്ഷ മാർച്ച് 2നു തുടങ്ങി 30ന് അവസാനിക്കും. ഹൈസ്കൂളിനോടു ചേർന്നുള്ള യുപി, എൽപി ക്ലാസുകളിലെ പരീക്ഷ മാർച്ച് 4 മുതൽ 30 വരെയാണ്; സ്വതന്ത്രമായി നിൽക്കുന്ന യുപി, എൽപി. സ്കൂളുകളിൽ മാർച്ച് 20 മുതൽ 30 വരെയും. മുസ്‌ലിം സ്കൂളുകളിലെ വാർഷിക പരീക്ഷ ഏപ്രിൽ ഒന്നു മുതൽ 8 വരെ.
    പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അധ്യാപക നേതാക്കളായ എൻ. ശ്രീകുമാർ, കെ.സി. ഹരികൃഷ്ണൻ, ഇ.കെ. അജിത്, ജയിംസ് കുര്യൻ, ഇ.കെ. വിജയൻ, എ.കെ. സൈനുദീൻ, അനൂപ് തുടങ്ങിയവർ പങ്കെടുത്തു.
    പൊതു വിദ്യാലയങ്ങളിലെ മെന്ററിങ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വിവരങ്ങൾ ‘സഹിതം’ പോർട്ടലിലേക്ക് ഉടൻ ശേഖരിക്കും. ആദ്യ ഘട്ടമായി 1630 സ്കൂളിലെ ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികളുടെ വിവരശേഖരണമാകും നടത്തുക. അധ്യാപകർ കുട്ടികളുടെ സഹരക്ഷിതാക്കളായി പഠന പിന്തുണ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഈ വർഷത്തെ പഠനോത്സവം അടുത്ത മാസം എല്ലാ സ്കൂളുകളിലും നടത്തും. സ്കൂളുകളുടെ പഠന മികവ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന പദ്ധതിയാണിത്.

    No comments

    Post Top Ad

    Post Bottom Ad