Header Ads

  • Breaking News

    ആവേശത്തിരയിളക്കി മുന്നണികൾ ; ഇന്ന് കൊട്ടിക്കലാശം





    കൊച്ചി :- നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്, ചൊവ്വാഴ്‌ച വൈകുന്നേരം 6 മണിക്ക് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. ബുധനാഴ്ച നിശബ്ദപ്രചാരണം നടക്കും. വ്യാഴാഴ്ച വോട്ടെടുപ്പ്. വിധിയെഴുതാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കേ മുന്നണികളെല്ലാം അവസാന നിമിഷം കളറാക്കാനുള്ള ശ്രമത്തിലാണ്. പരസ്യപ്രചാരണത്തിൻ്റെ അവസാനദിവസം ഓരോ തദ്ദേശസ്ഥാപന പരിധിയിലെയും പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം. ചിലയിടങ്ങളിൽ ടൗണുകൾ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുമുണ്ട്.

    പ്രചാരണ പ്രവർത്തനങ്ങൾക്ക് കുറഞ്ഞ സമയം മാത്രമാണ് ഇക്കുറി ലഭിച്ചത്. കിട്ടിയ സമയം പരമാവധി ഉപയോഗിക്കുന്ന വിധത്തിലാണ് മുന്നണികൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തത്. തിരഞ്ഞെടുപ്പിനായി എല്ലാം സജ്ജമെന്ന് മുന്നണികൾ നേരത്തേതന്നെ പ്രഖ്യാപനങ്ങളെല്ലാം നടത്തിയിരുന്നെങ്കിലും, ഏപ്രിൽ ഒൻപതിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുന്നണി നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. ആഘോഷങ്ങൾ ഒഴിവാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം രാഷ്ട്രീയപാർട്ടി നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ ഉന്നയിച്ചപ്പോൾ, വിഷു കഴിഞ്ഞശേഷമുള്ള തീയതിയാണ് പ്രതീക്ഷിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും നേരത്തേ വന്നതോടെ മുന്നണികൾക്ക് നിൽക്കാൻ നേരമില്ലാതായി.

    സ്ഥാനാർഥിനിർണയ ചർച്ചകൾ പൂർത്തിയാകുന്നതിനു മുൻപുതന്നെ, പോസ്റ്ററുകളും മറ്റും അടിക്കേണ്ട അവസ്ഥയിലായിരുന്നു പലരും. സ്ഥാനാർഥിയാവുമെന്ന ഉറപ്പിൽ പോസ്റ്ററുകൾ അടിച്ചുവെച്ച ചിലർക്ക് ഒടുവിൽ സീറ്റ് കിട്ടാതായപ്പോൾ ആരുംകാണാതെ പോസ്റ്ററുകൾ നശിപ്പിക്കേണ്ട ഗതികേടും ഉണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദിവസങ്ങൾ കുറഞ്ഞത് അനുഗ്രഹമായി കണ്ട സ്ഥാനാർഥികളുമുണ്ട്. ഓരോ ദിവസത്തെയും തിരഞ്ഞെടുപ്പ് ചെലവ് നോക്കുമ്പോൾ ദിവസങ്ങൾ കുറഞ്ഞത് നന്നായെന്ന് സന്തോഷിക്കുന്നവരാണ് അവർ. മുന്നണി സ്ഥാനാർഥികളുടെ നാലും അഞ്ചും തരത്തിലുള്ള നോട്ടീസുകളും അഭ്യർഥനകളും മറ്റും വീടുകളിൽ എത്തിക്കഴിഞ്ഞു. ഞായറാഴ്‌ചയായിരുന്നു സ്ക്വാഡ് പ്രവർത്തനങ്ങളുടെ അവസാനം. സ്ലിപ്പുകളും മറ്റും വീടുകളിൽ അന്നത്തോടെ എത്തിച്ചുകഴിഞ്ഞു. ചൊവ്വാഴ്ച ഉച്ചവരെ സ്ഥാനാർഥികൾ അവസാനവട്ട പര്യടനം നടത്തും. ചിലർ പദയാത്രകൾ സംഘടിപ്പിക്കും. തുടർന്ന് മണ്ഡലത്തിലെ പ്രധാന കൊട്ടിക്കലാശ സ്ഥലത്തേക്ക് പല മണ്ഡലങ്ങളിലും ആഘോഷമായ റോഡ്‌ഷോയും മറ്റും മുന്നണികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെ പ്രചാരണപരിപാടികൾ അവസാനിക്കും.

    No comments

    Post Top Ad

    Post Bottom Ad