നായ കുരച്ചുചാടി ; മകളുടെ വിവാഹം ക്ഷണിക്കാനെത്തിയയാൾ കിണറ്റിൽ വീണു
ശ്രീകണ്ഠപുരം :- മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ ആൾ, നായ കുരച്ചുചാടിയപ്പോൾ പേടിച്ചുമാറുന്നതിനിടെ കിണറ്റിൽ വീണു. പയ്യാവൂർ സ്വദേശി കോയാടൻ വീട്ടിൽ രാജനാണ് (56) കിണറ്റിൽ വീണത്. പയ്യാവൂർ വെമ്പുവ റോഡരികിൽ ആൽത്തറയ്ക്കു സമീപത്തെ വീട്ടിൽ രാവിലെ ഒൻപതോടെയാണ് സംഭവം. നായ കുരച്ചു ചാടിയപ്പോൾ പേടിച്ചുമാറുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.
ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും, പയ്യാവൂർ കെഎസ്‌ഇബി ജീവനക്കാരും ചേർന്ന് നാട്ടുകാരുടെ സഹകരണത്തോടെ രാജനെ രക്ഷപ്പെടുത്തി പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലീഡിങ് ഫയർമാൻ കെ.വി.വി ജീഷ്, ഡ്രൈവർ ഇ.ജെ മത്തായി, കെ.രാഹുൽ, ജസ്റ്റിൻ ജയിംസ്, എ.പി ആഷിഖ്, ബെന്നി സേവ്യർ എന്നിവരും കെഎസ്ഇബി അസിസ്‌റ്റന്റ് എൻജിനീയർ പ്രദീപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

No comments
Post a Comment