ചൂട് ഇനിയും കൂടും ; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം :- സംസ്ഥാനത്ത് ചൂട് ഇനിയും കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നു മുതൽ താപനില ശരാശരിയിൽ നിന്നു 2 മുതൽ 4 വരെ ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയുണ്ട്. പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39-40 ഡിഗ്രി സെൽഷ്യസ് വരെ എത്താം. മറ്റു ജില്ലകളിൽ ഇത് 35-37 ഡിഗ്രി സെൽഷ്യസ് വരെയായി തുടരാനാണ് സാധ്യത. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം.
മലയോര മേഖലകളിൽ ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ട്. മറ്റിടങ്ങളിൽ വരണ്ട കാലാവസ്ഥ തുടരും. തെക്കൻ കേരളത്തിലെ ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

No comments
Post a Comment