Header Ads

  • Breaking News

    അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും OTP നിർബന്ധമാക്കും ; നടപടി വ്യാജ റേഷൻ കാർഡ് വിവാദത്തെ തുടർന്ന്




    തിരുവനന്തപുരം :- റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ ചേർക്കാനോ നിലവിലുള്ളവരെ നീക്കാനോ ഓൺലൈനായി അപേക്ഷിക്കുമ്പോൾ കാർഡുടമയുടെ സമ്മതത്തിനു ഫോണിലൂടെ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) നിർബന്ധമാക്കും. നിലവിൽ അപേക്ഷ സമർപ്പിക്കുമ്പോഴും അംഗീകാരം നൽകുമ്പോഴും കാർഡുടമയുടെ ഫോണിലേക്ക് എസ്എംഎസ് മാത്രമാണു ലഭിക്കുന്നത്. സമ്മതത്തിനായി ഒടിപി ആവശ്യമില്ലാത്തതിനാലാണ് നൂറ്റിയൻപതോളം വ്യാജ മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകൾനിർമിച്ചുള്ള തട്ടിപ്പ് തിരുവനന്തപുരത്തു നടന്നതെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം. സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിനും റേഷൻ കാർഡുകളുടെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സം വിധാനം പരിപാലിക്കുന്ന നാഷനൽ ഇൻ ഫർമാറ്റിക്സ് സെൻ്ററിനും (എൻഐസി) ശുപാർശ സമർപ്പിച്ചു. വ്യാജ കാർഡുകൾ നിർമിച്ചത് 
    ഭക്ഷ്യവകുപ്പിൻ്റെ റേഷൻ കാർഡ് മാനേജിങ് സിസ്‌റ്റത്തിൽ (ആർസിഎംഎസ്) സൗത്ത് സിറ്റി റേഷനിങ് ഓഫിസിലെ ക്ലാർക്കിന്റെയും റേഷനിങ് ഇൻസ്പെക്ടറുടെയും ലോഗിൻ ഐഡിയും പാസ്‌വേഡും ചോർത്തിയാണെന്നു വഞ്ചിയൂർ പൊലീസ് കണ്ടെത്തിയിരുന്നു. മേയ് മുതൽ നടന്ന തട്ടിപ്പ് വകുപ്പ് അറിഞ്ഞത് സെപ്റ്റംബർ പകുതിയോടെയും പരാതി നൽകിയത് ഒക്ടോബർ 21നും ആയിരുന്നു. റേഷനിങ് ഇൻസ്പെക്‌ടറായി (ആർഐ) സമീപകാലത്തു സൗത്ത് സിറ്റി റേഷനിങ് ഓഫിസിലേക്കു സ്‌ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്‌ഥയ്ക്കു ഫോണിലുടെ ലഭിച്ച പരാതിയാണു തട്ടിപ്പു കണ്ടെത്താൻ സഹായിച്ചത്.

    റേഷൻ വാങ്ങാനെത്തിയപ്പോൾ തന്റെ കാർഡിൽ പരിചയമില്ലാത്ത ചിലരുടെ പേരുകൾ ഉൾപ്പെടുത്തിയതായി ഉടമ കണ്ടതാണ് പരാതിയായത്. അന്വേഷണത്തിൽ അനധികൃതമായി ഓൺലൈൻ വഴി പേരുചേർത്തതാണന്നു വ്യക്ത‌മായി. പരിശോധിച്ചപ്പോൾ കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തി. തുടർന്ന് സിറ്റി റേഷനിങ് ഓഫിസർ ഗീത പൊലീസിൽ പരാതി നൽകി. ജില്ലാ സപ്ലൈ ഓഫിസർ കെ.വി സിന്ധുവിന്റെ മേൽനോട്ടത്തിലായിരുന്നു വകുപ്പുതല അന്വേഷണം. കേസിൽ അറസ്‌റ്റിലായ കടയുടമയുടെ ലൈസൻസ് സസ്പെൻഷൻ നടപടികൾക്ക് ബീമാപള്ളിയിൽ എത്തിയതും വനിതാ ഉദ്യോഗസ്‌ഥരുടെ സംഘമായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad