സെബി മുന്നറിയിപ്പിൽ ആശങ്ക; ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങൾ ആളുകൾ കൂട്ടത്തോടെ പിൻവലിക്കുന്നു
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുന്നറിയിപ്പിനെ തുടർന്ന് ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിച്ച് നിക്ഷേപകർ. ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങൾ സെബിയുടെ നിയന്ത്രണ പരിധിയിൽ വരുന്നില്ലെന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ തുടങ്ങിയത്. കഴിഞ്ഞ നവംബർ എട്ടിനാണ് ഡിജിറ്റൽ ഗോൾഡ് സെബിയുടെ പരിധിയിൽ വരുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. മുന്നറിയിപ്പിനെ തുടർന്ന് ഫിൻടെക് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള നിക്ഷേപം പിൻവലിക്കൽ മൂന്നിരട്ടിയായി വർധിച്ചുവെന്നാണ് വിവരങ്ങൾ. പണം തിരികെ ലഭിക്കുന്ന കാര്യത്തിൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിക്ഷേപങ്ങളുടെ കൂട്ട പിൻവലിക്കൽ. റിപോർട്ടുകൾ വന്നതോടെ മിക്ക നിക്ഷേപകരും പണം സെബിയുടെ നിയന്ത്രണത്തിലുള്ള ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ട് എന്നിവയിലേക്ക് മാറ്റുകയാണ്. സ്വർണത്തിന് പകരമായി കൊണ്ടുവന്ന ഡിജിറ്റൽ ഗോൾഡിനെ സെക്യൂരിറ്റികളായോ കമ്മോഡിറ്റി ഡെറിവേറ്റീവുകളായോ ആയി തരംതിരിച്ചിട്ടില്ലാത്തതിനാൽ ഇവ സെബിയുടെ നിയന്ത്രണ പരിധിക്ക് പുറത്താണ്. അതേസമയം നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾ കെവൈസി (KYC) മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഇത്തരത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ നടത്തുന്ന ഇടപാടുകളുടെ ഉറവിടത്തെ കുറിച്ചും സംശയം ഉയരുന്ന സാഹചര്യത്തിലാണ് സെബിയുടെ മുന്നറിയിപ്പ്.

No comments
Post a Comment