ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയ സംഭവം; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹ ഭാഗമെന്ന് നിഗമനം
ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കണ്ടെത്തിയ കാൽ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹത്തിന്‍റെ ഭാഗമാണെന്നാണ് നിഗമനം. തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി കണ്ണൂര്‍ എടക്കാട് സ്വദേശി മനോഹരൻ മരിച്ചിരുന്നു. അപകടത്തിൽ മനോഹരന്‍റെ കാൽ വേര്‍പ്പെട്ടു പോയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. നവംബര്‍ 17ന് കണ്ണൂരിൽ നിന്നുള്ള സര്‍വീസ് പൂര്‍ത്തിയാക്കിയാണ് മെമു ട്രെയിൻ ഇന്നലെ ആലപ്പുഴയിലേക്ക് തിരിച്ചത്. മെമു ട്രെയിനിൽ കുടുങ്ങിയ കാലിന്‍റെ ഭാഗം മനോഹരന്‍റേത് തന്നെയാകാമെന്നാണ് നിഗമനം. കൂടുതൽ അന്വേഷണത്തിനായി കണ്ണൂരിൽ നിന്നുള്ള പോലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും.
ഇന്നലെ രാവിലെ ഒമ്പതോടെ എറണാകുളം-ആലപ്പുഴ മെമു ട്രെയിൻ ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മനുഷ്യന്‍റെ കാൽ കണ്ടെത്തിയത്. മെമു ട്രെയിൻ ട്രാക്കിൽ നിന്ന് യാര്‍ഡിലേക്ക് മാറ്റിയശേഷം ശുചീകരണ തൊഴിലാളികളാണ് മനുഷ്യന്‍റെ കാലിന്‍റെ ഭാഗം ആദ്യം കണ്ടത്. മുട്ടിന് താഴോട്ടുള്ള ഭാഗം ട്രാക്കിൽ വീണുകിടക്കുന്ന നിലയിൽ ആയിരുന്നു. മൃതദേഹ അവശിഷ്ടം കണ്ട ശുചീകരണ തൊഴിലാളികൾ റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ഏതാണ്ട് മൂന്ന് ദിവസത്തെ പഴക്കമുള്ള പുരുഷന്‍റെ മൃതദേഹ അവശിഷ്ടമാണെന്നായിരുന്നു പോലീസ് നിഗമനം.
No comments
Post a Comment