Header Ads

  • Breaking News

    ആശുപത്രികൾക്ക് കർശന മാർഗനിർദേശവുമായി ഹൈകോടതി

     


    കൊച്ചി: സ്വകാര്യ ആശുപത്രികൾക്കായി കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈകോടതി. ലഭ്യമായ സേവനങ്ങളും ചികിത്സ നിരക്കുകളും ആശുപത്രികളിൽ പ്രദർശിപ്പിക്കണമെന്ന് ഹൈകോടതി നിർദേശം നൽകി. 2018ലെ കേരളാ ക്ലിനിക്കൽ എക്സ്റ്റാബ്ലിഷ്മെന്‍റ് ആക്ട് നടപ്പാക്കുന്നതിന്‍റെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് മാനേജ്മെന്‍റ് അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നൽകിയ ഹരജിയിലാണ് ഹൈകോടതി നിർദേശം. വിധി പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറാനും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.ആശുപത്രി റിസപ്ക്ഷനിൽ ഇംഗ്ലീഷിലും മലയാളത്തിലും ഡോക്ടർമാരുടെ പേരുവിവരങ്ങൾ, ചികിത്സാ നിരക്കുകൾ, ലഭ്യമായ സേവനങ്ങൾ, പാക്കേജ് നിരക്കുകൾ അടക്കമുള്ളവ പ്രദർശിപ്പിക്കണം. ഡിസ്ചാർജ് ചെയ്യുന്ന എക്സ്റേ, ഇ.സി.ജി, സ്കാൻ റിപ്പോർട്ട് അടക്കമുള്ള മുഴുവൻ പരിശോധനാ ഫലങ്ങളും രോഗിക്ക് കൈമാറണം. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് പണമില്ലാത്തതിന്‍റെയോ രേഖയില്ലാത്തതിന്‍റെയോ പേരിൽ ചികിത്സ നിഷേധിക്കാൻ ഇടയാകരുത്. എല്ലാ വിഭാഗം ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പാക്കുകയും വേണം. തുടർചികിത്സ ആവശ്യമെങ്കിൽ ആ രോഗിയെ സ്റ്റബിലൈസ് ചെയ്ത ശേഷം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ട ചുമതല ആദ്യം എത്തിച്ച ആശുപത്രിയുടേതാണ്. രോഗികളുടെ അവകാശങ്ങൾക്കാണ് മുൻഗണന. സുതാര്യ ചികിത്സാ രീതികൾ ആശുപത്രികൾ അവലംബിക്കണം. ഇക്കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹൈകോടതി നിർദേശിച്ചു.കേരളാ ക്ലിനിക്കൽ എക്സ്റ്റാബ്ലിഷ്മെന്‍റ് ആക്ട് നടപ്പാക്കണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് കേരള പ്രൈവറ്റ് മാനേജ്മെന്‍റ് അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹരജി തള്ളിക്കൊണ്ടാണ് കർശന മാർഗനിർദേശങ്ങൾ ഹൈകോടതി പുറപ്പെടുവിച്ചത്.

    No comments

    Post Top Ad

    Post Bottom Ad