പ്രണയ ബന്ധങ്ങളെയും പോക്സോ കേസുകളെയും വ്യത്യസ്തമായി കാണണം; സുപ്രീം കോടതി
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത വ്യക്തികൾ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ കേസുകളിൽ നിന്നും വ്യത്യസ്തമായി കാണണമെന്ന് സുപ്രീം കോടതി. ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതിനാണ് പോക്സോ നിയമം എന്ന് കോടതി ഓർമ്മപ്പെടുത്തി.
തന്റെ കാമുകിയെ വീട്ടിൽ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിട്ടുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും കാണിച്ച് 21 കാരൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പ്രകാരം സംരക്ഷണം നൽകാൻ ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
പെൺകുട്ടി 16 കാരിയാണ്. പ്രണയികളായ ഇരുവർക്കും മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹ പ്രായമായതാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ദമ്പതികൾക്ക് സംരക്ഷണം നൽകാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷനാണ് സുപ്രീം കോടതിയിൽ എത്തിയത്.
കുട്ടികൾക്ക് അനുകൂലമായി പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ 2022 ലെ വിധിയെ ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR) സമർപ്പിച്ച പ്രത്യേക അവധി ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി.
പ്രായപൂർത്തിയാകാത്ത കൗമാരക്കാർ ഒളിച്ചോടുന്ന പ്രണയ കേസുകളും ഉണ്ടാവാറുണ്ട്. ഇവയിൽ യഥാർത്ഥ പ്രണയമുണ്ട്. അവർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരം കേസുകളെ ക്രിമിനൽ കേസുകളായി കാണരുത് എന്ന് സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ക്രിമിനൽ കേസുകളും പോക്സോ കേസുകളും തമ്മിൽ നമ്മൾ വേർതിരിച്ചറിയണം. ഒരു പെൺകുട്ടി ഒരു ആൺകുട്ടിയെ സ്നേഹിക്കുകയും അയാൾ ജയിലിലേക്ക് അയയ്ക്കപ്പെടുകയും ചെയ്താൽ അവൾക്ക്
ഉണ്ടാകുന്ന ആഘാതം ഓർക്കണം.
ഇത്തരം സാഹചര്യങ്ങളിൽ അവളുടെ മാതാപിതാക്കൾ ഒളിച്ചോട്ടം മറയ്ക്കാൻ പോക്സോ കേസ് ഫയൽ ചെയ്യാവുന്ന സാഹചര്യം ഉണ്ടാവാം എന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
ഭീഷണി നേരിടുന്ന ദമ്പതികളുടെ ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകുന്ന ഹൈക്കോടതി ഉത്തരവിനെ NCPCR എന്തിന് ചോദ്യം ചെയ്യുന്നു എന്ന് കോടതി ചോദിച്ചു. അത്തരമൊരു ഉത്തരവിനെ ചോദ്യം ചെയ്യാൻ അവകാശമില്ല. രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഹൈക്കോടതി സംരക്ഷിക്കുകയാണ് ഇവിടെ ചെയ്തത്. NCPCR എന്ന ഏജൻസിക്ക് അത്തരമൊരു ഉത്തരവിനെ എങ്ങനെ ചോദ്യം ചെയ്യാൻ കഴിയും. ഇതിനെതിരായി ഉന്നയിച്ച വാദം വിചിത്രമാണ് എന്നും ബെഞ്ച് നിരീക്ഷിച്ചു.
ഹൈക്കോടതി വിധി അടിസ്ഥാനപരമായി ശൈശവ വിവാഹം അനുവദിക്കുന്നതും 2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തിന്റെ ലംഘനവുമാണ് എന്നായിരുന്നു എൻസിപിസിആർ വാദം. ഇതിനുപുറമെ, 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിന്റെ (പോക്സോ) ആത്മാവിന് എതിരാണ് വിധി. ഇത് ഒരു മതേതര നിയമം കൂടിയാണ്. അതുപ്രകാരം 18 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്കും സാധുവായ വിവാഹ സമ്മതം നൽകാൻ കഴിയില്ലെന്നും ദേശീയബാലാവകാശ കമ്മീഷൻ വാദിച്ചു.
ഇത് തള്ളിയാണ് പ്രണയ ബന്ധങ്ങളും പോക്സോ നിയമവും തമ്മിലെ വ്യത്യാസം തിരിച്ചറിയണമെന്ന് കോടതി പറഞ്ഞത്. കുട്ടികളുടെ മാതാപിതാക്കൾ ഒളിച്ചോട്ടം മറയ്ക്കാൻ പോക്സോ കേസ് ഫയൽ ചെയ്യാവുന്ന സാഹചര്യം ഉണ്ടാവാം എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.
പോക്സോ നിയമം കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കാനാണ് കൊണ്ടുവന്നതെങ്കിലും, നിരവധി കേസുകളിൽ കൌമാരക്കാർ തമ്മിലുള്ള സമ്മതപ്രകാരമുള്ള ബന്ധങ്ങളിലേക്കും വിവാഹങ്ങളിലേക്കും ഇതിന്റെ വകുപ്പുകൾ പ്രയോഗിക്കപ്പെടുന്നുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സത്യസന്ധമായ ലൈംഗികാതിക്രമ കേസുകൾക്ക് നിയമം ശക്തമായി ബാധകമാക്കേണ്ടത്
അത്യാവശ്യമാണെന്നും, എന്നാൽ പ്രണയബന്ധങ്ങളിൽ നിന്നുള്ള കേസുകളിൽ ഒരേ മാനദണ്ഡം
പ്രയോഗിക്കുന്നത് ഗുരുതരമായ അനീതിക്ക് ഇടയാക്കാമെന്നും കോടതി വ്യക്തമാക്കി.
No comments
Post a Comment