തൃശൂരിലെ വീട്ടമ്മ ട്രെയിനിൽ വെച്ച് ആക്രമണത്തിനിരയായ സംഭവം; പ്രതി ആദ്യമായി കേസിൽ പിടിക്കപ്പെട്ടത് 17–ാം വയസ്സിൽ
മുംബൈയിൽ ഒരു മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് തൃശ്ശൂരിലെ വീട്ടിലേക്ക് സഹോദരനൊപ്പം യാത്രചെയ്ത 64-കാരി അമ്മിണി ജോസ് സമ്പർക്കക്രാന്ത്രി എക്സ്പ്രസിൽവെച്ച് ആക്രമിക്കപ്പെട്ടത് നാട് ഞെട്ടലോടെയാണ് കേട്ടത്. സംഭവംനടന്ന് മൂന്നുദിവസമാകുംമുൻപ് പ്രതി അസ്കർ അലിയെ പിടികൂടി റെയിൽവേ പോലീസ് മികവുതെളിയിച്ചു. കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ അസ്കർ അലി ആദ്യമായി ഒരു കേസിൽ പിടിക്കപ്പെടുന്നത് 17-ാം വയസ്സിലാണ്. ചെറുപ്രായത്തിൽ തീവണ്ടിയിൽ കച്ചവടംനടത്തി തുടങ്ങിയ അസ്കർ ഓടുന്ന തീവണ്ടിയിൽനിന്ന് ചാടിയിറങ്ങുന്നതിനും ചാടിക്കയറുന്നതിനും വിദഗ്ധനായി. ഈ വൈദഗ്ധ്യംതന്നെയാണ് അമ്മിണി ജോസിനെ തള്ളിയിട്ടശേഷം തീവണ്ടിയിൽനിന്നു ചാടിയിറങ്ങാനും തൊട്ടടുത്ത ട്രാക്കിലൂടെവന്ന അന്ത്യോദയ എക്സ്പ്രസിൽ ചാടിക്കയറാനും സഹായിച്ചത്. സമ്പർക്കക്രാന്തി എക്സ്പ്രസിൽ പൻവേലിൽനിന്നു കയറിയ അസ്കർ അലി രത്നഗിരിമുതൽ അമ്മിണി ജോസിനെ ശ്രദ്ധിച്ചിട്ടുണ്ട്.അമ്മിണിയുടെ ബാഗിൽ സ്വർണമുണ്ടെന്ന് കരുതിയാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ ശൗചാലയത്തിൽ പോയപ്പോൾ ബാഗ് തട്ടിയെടുത്തത്.
അസ്കർ അലിയുടെ വീട്ടിൽ പിതാവും മാതാവും ഭാര്യയും നാലു സഹോദരന്മാരും ഉണ്ടെങ്കിലും വല്ലപ്പോഴുമേ വീട്ടിൽ പോകാറുള്ളൂ. കഴിഞ്ഞവർഷം ജൂലായിലാണ് അവസാനമായി അറസ്റ്റിലായി റിമാൻഡിലായത്. അതുൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയാണ്. ഇതിൽ 27 എണ്ണം കവർച്ച, മോഷണക്കേസുകളാണ്. രണ്ട് മയക്കുമരുന്ന് കേസിലും ആയുധം കൈവശംവെച്ചതിന് ഒരു കേസിലും പ്രതിയായിട്ടുണ്ട്.
താനെ, കല്യാൺ പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ പോലീസ് സൂപ്രണ്ട് കെ.എസ്. ഷെഹൻഷായുടെയും ആർപിഎഫ് ഡിവിഷണൽ കമ്മിഷണറുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച 17 അംഗ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഇതിനായി വിവിധ റെയിൽവേ സ്റ്റേഷനുകളിലെ അഞ്ഞൂറിലേറെ സിസിടിവി ദൃശ്യങ്ങൾ ഇവർ പരിശോധിച്ചു.
റെയിൽവേ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എം. ശശിധരന്റെയും ആർപിഎഫ് ഇൻസ്പെക്ടർ ആർ. കേശവദാസിന്റെയും മേൽനോട്ടത്തിൽ ഇൻസ്പെക്ടർ സുധീർ മനോഹർ, കോഴിക്കോട് റെയിൽവേ പോലീസ് എസ്എച്ച്ഒ സുഭാഷ് ബാബു, എസ്ഐമാരായ പി.കെ. ബഷീർ, പി. ജയകൃഷ്ണൻ, എഎസ്ഐ പി.ടി. ഷാജി, സീനിയർ സിപിഒമാരായ ജോസ്, അഖിലേഷ്, ബിപിൻ മാത്യു, ആർപിഎഫ് എസ്ഐ സുനിൽ കുമാർ, അജിത് അശോക്, ഹെഡ് കോൺസ്റ്റബിൾ അബ്ബാസ്, ബിജു, അജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
No comments
Post a Comment