വനിതാ യൂറോ കപ്പ്: കിരീടം നിലനിർത്തി ഇംഗ്ലണ്ട്; സ്പെയിന് കണ്ണീർ മടക്കം
വനിതാ യൂറോ കപ്പിൽ കിരീടം നിലനിർത്തി ഇംഗ്ലീഷ് പെൺപട. മത്സരത്തിൽ ഇരുടീമും വീറോടെ പൊരുതിയതോടെ അധിക സമയവും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ കളിയിൽ 3–1 നാണ് സ്പെയിനെതിരെ ഇംഗ്ലണ്ട് ജയം കൊയ്തത്. നിശ്ചിത സമയത്ത് ഇരുടീമും 1 -1 സമനിലയിൽ പിടിച്ചതോടെയാണ് യൂറോ കപ്പ് ചരിത്രത്തിൽ ഫൈനലിൽ കണ്ട ആദ്യ പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് കളി നീണ്ടത്.
ഇരു ടീമും ഒന്നിനൊന്ന് മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ആദ്യം വലകുലുക്കിയത് സ്പെയിനായിരുന്നു. 25–ാം മിനിറ്റിൽ മരിയോന കാൽഡന്റിയിലൂടെ അവർ ലീഡ് പിടിച്ചു. തിരിച്ചടിക്കാൻ സറീന വിങ്മാന്റെ ഇംഗ്ലീഷ് പട കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ അവർക്ക് ഗോൾ നേടാനായില്ല. എന്നാൽ രണ്ടാം പകുതിയിൽ 57–ാം മിനിറ്റിൽ ഉഗ്രനൊരു ഹെഡറിലൂടെ അലസിയ റൂസോയിലൂടെ ഇംഗ്ലണ്ട് തിരിച്ചടിച്ചു.
തുടർന്ന് വിജയഗോൾ കണ്ടെത്താൻ ഇരുവശവും കടുത്ത പോരാട്ടം പുറത്തെടുത്തെങ്കിലും വിജയം കണ്ടില്ല. എക്സ്ട്രാ ടൈമിലും ഇതാവർത്തിച്ചു. പല അവസരങ്ങളും ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ ടീമുകൾക്ക് സാധിച്ചില്ല. തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീങ്ങിയ കളിയിൽ 3–1 ന് ഇംഗ്ലണ്ട് കിരീടം വീണ്ടും തങ്ങൾക്ക് ഉറപ്പാക്കുകയായിരുന്നു. 2023 വനിത ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി സ്‌പെയിന്‍ ചാമ്പ്യന്‍മാരായിരുന്നു. ഇതിനുള്ള തിരിച്ചടി എന്ന നിലക്കാണ് യൂറോ കപ്പ് നേട്ടം ഇംഗ്ലീഷ് ആരാധകർ ആഘോഷിക്കുന്നത്. ടൂർണമെന്റിൽ ഉടനീളം മികച്ച കളി പുറത്തെടുത്തിട്ടും അവസാനം കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് സ്‌പെയിൻ.

No comments
Post a Comment