‘വി’ ശിവൻകുട്ടി എന്ന് പോസ്റ്റിട്ട് മന്ത്രി, ‘ജസ്റ്റ് മിസ്’ എന്ന് സോഷ്യൽ മീഡിയ; ജെ എസ് കെ വിവാദത്തിൽ സമൂഹമാധ്യമങ്ങളിൽ ട്രോളോട് ട്രോൾ

വിചിത്ര വാദങ്ങളുമായി കോടതിയിൽ എത്തിയ സെൻസർ ബോർഡിന് സമൂഹ മാധ്യങ്ങളിൽ പൊങ്കാല. സെൻസർ ബോർഡിന്‍റെ ആവശ്യപ്രകാരം ‘ജെഎസ്‌കെ – ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റാൻ തീരുമാനിക്കുകയും കൂടി ചെയ്തതോടെ പ്രമുഖരടക്കം ട്രോളുമായെത്തി. ചിത്രത്തിലെ നായികയുടെ ജാനകി എന്ന പേരിന് മുന്നിലോ പിന്നിലോ ഇനിഷ്യലായ ‘വി’ ചേർക്കണമെന്നായിരുന്നു സെൻസർ ബോർഡിന്‍റെ ആവശ്യം. തുടർന്ന് പേര് മാറ്റാമെന്ന് നിർമാതാക്കൾ കോടതിയെ അറിയിക്കുകയും ചെയ്തു.
തുടർന്നാണ് സെൻസർ ബോർഡിന്‍റെ ആവശ്യങ്ങളിൽ ചിലത് അംഗീകരിച്ചു കൊണ്ടുള്ള ഒത്തുതീർപ്പിനെ പരിഹസിച്ച് സോഷ്യൽ മീഡിയ രംഗത്തെത്തിയത്. ‘വി ശിവൻകുട്ടി’ എന്ന തന്റെ പേര് പോസ്റ്റ് ചെയ്താണ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. സിനിമയുടെ പേരുമാറ്റൽ വിവാദം ആദ്യം പൊട്ടി പുറപ്പെട്ടപ്പോഴും ‘എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!’- എന്ന പരിഹാസ കുറിപ്പുമായി മന്ത്രി എത്തിയിരുന്നു.
നിരവധി പേർ മന്ത്രിക്ക് രസകരമായ മറുപടിയുമായി രംഗത്തെത്തി. ‘വി’ പണ്ടേ ഉള്ളത് ഭാഗ്യം ഇല്ലെങ്കിൽ ഇനി കൂട്ടിച്ചേർക്കേണ്ടി വന്നേനെ എന്നാണ് ഒരു കമന്‍റ്. ‘ഇങ്ങള് രക്ഷപ്പെട്ടു’ എന്ന് മറ്റൊരാൾ കുറിച്ചു. അയ്യപ്പനും കോശിയും കുറച്ച് മുന്നേ വന്നത് ന്നായി എന്നാണ് മറ്റൊരു രസകരമായ കമന്റ്. ‘വി ഫോർ…’ എന്ന പോസ്റ്റുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരുന്നു. ജാനകി എന്നത് സീതാദേവിയുടെ പേരാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതിലൂടെ ക്രമസമാധാനം തകർക്കാനാണ് ശ്രമമെന്നും ആരോപിച്ചാണ് സെൻസർ ബോർഡ് സിനിമക്ക് അനുമതി നിഷേധിച്ചത്.
No comments
Post a Comment