Header Ads

  • Breaking News

    തപാൽ സേവനങ്ങൾ വേഗത്തിലാകും ; ഇനി ഡിജിപിൻ യുഗം




    തിരുവനന്തപുരം :- തപാൽ വകുപ്പിൻ്റെ സേവനങ്ങൾ വേഗത്തിൽ മേൽവിലാസത്തിൽ എത്തിക്കാൻ ഇനിമുതൽ ഡിജിപിൻ (ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ). കത്തിടപാടുകൾക്ക് പിൻകോഡ് ഇപ്പോഴുള്ളതുപോലെ തുടരും. പാഴ്സൽ ഉൾപ്പെടെയുള്ളവ കൃത്യസ്ഥലത്ത് എത്തിക്കാൻ ഡിജിപിൻ ഉപയോഗിക്കാം. പുതിയകാലത്തിലെ സേവനസാധ്യതകളിലേക്ക് കടക്കുന്ന തപാൽ വകുപ്പിന്റെ ഡിജിറ്റൽ കാൽവെപ്പാണ് പുതിയ പരിഷ്കാരം.

    ആറക്ക നമ്പറായ പിൻകോഡിന് പകരം 10 പ്രതീകങ്ങളുള്ള ആൽഫാ ന്യൂമെറിക് കോഡായ ഡിജിപിൻ വന്നത് തപാൽവകുപ്പിന്റെ സേവനങ്ങൾ വേഗത്തിലാക്കും. പാസ്‌വേഡിന് ഉപയോഗിക്കുന്ന രീതിയിൽ ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും ചേർന്ന പത്തക്ക നമ്പരാണിത്. വീടിന്റെയും സ്ഥാപനത്തിൻ്റെയും കൃത്യമായ ലൊക്കേഷൻ ഇതിലുണ്ടാകും. ആംബുലൻസ്, അഗ്നിരക്ഷാസേന എന്നിവയുടെ സഹായവും പെട്ടെന്ന് ലഭ്യമാക്കാനും ഇത് സഹായിക്കും. ബിസിനസ് രംഗത്ത് ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്

    തപാൽ കൃത്യമായി മേൽവിലാസക്കാരന് ലഭിക്കാൻ 1972-ൽ തുടങ്ങിയ പിൻകോഡ് വലിയ പ്രദേശത്തെ ഉൾക്കൊള്ളുന്നതായിരുന്നു. എന്നാൽ നിശ്ചിത പ്രദേശത്തെ പ്രതിനിധീകരിക്കുന്നതാണ് ഡിജിപിൻ. ഇതിലൂടെ വിലാസക്കാരൻ്റെ ലൊക്കേഷൻ കൃത്യമായി കണ്ടത്താം. പ്രത്യേകിച്ച് ഗ്രാമപ്രദേശം, വനം, സമുദ്രം തുടങ്ങിയ വ്യക്തമായ വിലാസം ഇല്ലാത്ത പ്രദേശത്തും ഇത് സഹായമാകും. ഓഫ് ലൈനിലും ഇത് ഉപയോഗിക്കാം. സ്വകാര്യത ഉറപ്പാക്കുന്ന ഡിജിപിന്നിൽ വ്യക്തിഗത വി വരങ്ങളൊന്നും ബന്ധപ്പെടുത്തിയിട്ടില്ല. ഹൈദരാബാദ് ഐഐടി, എൻആർഎസ്‌സി, ഐഎസ്ആർഒ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ദേശീയതലത്തിൽ ഡിജിപിൻ തപാൽ വകുപ്പ് വികസിപ്പിച്ചെടുത്തത്.

    ഡിജിപിൻ ലഭിക്കുന്നതിന് പ്രത്യേക വെബ്സൈറ്റുണ്ട്. ഇതിലൂടെ പ്രദേശം കണ്ടെത്താം. നാലുമീറ്റർ വിസ്തീർണമുള്ള സ്ഥലംവരെ കൃത്യമായി തിരിച്ചറിയാനാകും. ക്യൂ ആർ കോഡ് സ്ലാൻ ചെയ്താൽ ഗൂഗിൾ മാപ്പിലൂടെ ലൊക്കേഷൻ കണ്ടെത്തി നാവിഗേറ്റ് ചെയ്യാനും കഴിയും. https://dac.indiapost.gov.in/mydigipin/homem ലെത്തി ലൊക്കേഷൻ കണ്ടെത്തി ക്ലിക്ക് ചെയ്താൽ ഡിജിപിൻ ലഭിക്കും.

    No comments

    Post Top Ad

    Post Bottom Ad