പണം ഇനി പറപറക്കും; യുപിഐ ഇടപാടുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ കൂടുതൽ വേഗം, വേറേയും മാറ്റങ്ങള്‍ ഉടന്‍
ന്യൂഡല്‍ഹി: യുണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകള്‍ ജൂണ്‍ 16 മുതല്‍ വേഗത്തിലാകും. യുപിഐയുടെ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകള്‍ക്കും, ഫോണ്‍പേ, ഗൂഗിള്‍പേ പോലുള്ള സേവനദാതാക്കള്‍ക്കും ഉപകാരപ്പെടുമെന്ന് സര്‍ക്കുലറിലുണ്ട്.
പണം അയക്കല്‍, ഇടപാട് പരിശോധിക്കല്‍ തുടങ്ങിയവയ്ക്ക് നിലവില്‍ 30 സെക്കന്‍ഡാണ് ആവശ്യം. ഇനി 15 മുതല്‍ സെക്കന്‍ഡുകള്‍ മതിയാകും. 30 സെക്കന്‍ഡുകളെടുത്തിരുന്ന ട്രാന്‍സാക്ഷന്‍ റിവേഴ്സലിന് ഇനി 10 സെക്കന്‍ഡും. 15 സെക്കന്‍ഡ് എടുത്തിരുന്ന വിലാസം പരിശോധിക്കല്‍, ഇനി 10 സെക്കന്‍ഡുകൊണ്ടും പൂര്‍ത്തിയാകും.
വേറേയും സുപ്രധാന മാറ്റങ്ങള്‍
യുപിഐ സംവിധാനത്തില്‍ വേറേയും സുപ്രധാന മാറ്റങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നും എന്‍പിസിഐ അറിയിച്ചു. ബാലന്‍സ് പരിശോധന, ഓട്ടോ-പേമെന്റ് തുടങ്ങിയവയില്‍ ജൂലായ്ക്കുശേഷമാണ് മാറ്റങ്ങള്‍ വരുത്തുക. യുപിഐ ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രം അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ കഴിയുന്ന തരത്തിലാണ് മാറ്റം.
ഓട്ടോപേ മാന്‍ഡേറ്റില്‍ ഒരുതവണ ഇടപാടിന് ശ്രമിച്ച് പരാജയപ്പെട്ടാല്‍ വീണ്ടും മൂന്ന് തവണ കൂടി മാത്രമേ ശ്രമിക്കൂ. പീക്ക് അല്ലാത്ത സമയങ്ങളില്‍ മാത്രമാണ് ഓട്ടോ-പേമെന്റിനായീ വീണ്ടും ശ്രമിക്കുക. ഒരുദിവസം ഒരു സെക്കന്‍ഡില്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടക്കുന്ന സമയമാണ് പീക്ക് സമയം. സാധാരണഗതിയില്‍ ഇത് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയും വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി ഒമ്പതരവരെയുമാണ്.
No comments
Post a Comment