പുതിയ കളിപ്പാട്ടവും വസ്ത്രവും വേണമെന്ന് വാശിപിടിച്ച ആറ് വയസുകാരിയെ പട്ടിണിക്കിട്ട് അമ്മ

ഗുണ്ടൂർ: പുതിയ കളിപ്പാട്ടവും വസ്ത്രവും വേണമെന്ന് വാശിപിടിച്ച ആറ് വയസുകാരിയെ പട്ടിണിക്കിട്ട് അമ്മ. ദിവസങ്ങളായി പട്ടിണിയിലായതിന് പിന്നാലെ സമീപത്തെ ചവറ് കൂനയിൽ ഭക്ഷണ മാലിന്യം തെരഞ്ഞ് ഭക്ഷിക്കുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി അയൽക്കാർ. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ഞായറാഴ്ചയാണ് അയൽവാസികൾ ആറ് വയസുകാരിയെ മാലിന്യക്കൂനയിൽ ഭക്ഷണം തേടുന്ന നിലയിൽ കണ്ടെത്തിയത്. പാൽനാഡു ജില്ലയിലെ സാറ്റേനപല്ലേയിലാണ് സംഭവം.
മാധവി എന്ന യുവതിയെ ആണ് സംഭവത്തിൽ പൊലീസ് പിടികൂടിയിട്ടുള്ളത്. ഞായറാഴ്ചയാണ് അയൽവാസി വിവരം ചൈൽഡ് ലൈനിനെ അറിയിക്കുന്നത്. വിവാഹമോചിതയായ മാധവി വിവിധ വീടുകളിൽ വീട്ടുജോലി ചെയ്താണ് ആറുവയസുള്ള മകളെ വളർത്തിയിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ കളിപ്പാട്ടത്തിനും വസ്ത്രത്തിനുമായി വാശി പിടിച്ച കുഞ്ഞിനെ മാധവി ഭക്ഷണം നൽകാതെ ശിക്ഷിക്കുകയായിരുന്നു. കുട്ടിയെ ആക്രമിച്ചതിനും അവഗണിച്ചതിനും ജുവനൈൽ നിയമങ്ങൾ അനുസരിച്ചാണ് മാധവിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. മകളെ ഇവർ വീട്ടിലെ കബോർഡിൽ പൂട്ടിയിട്ട് ശിക്ഷിച്ചിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയതായി പൊലീസ് വിശദമാക്കി.
No comments
Post a Comment