Header Ads

  • Breaking News

    കടമ്പൂര്‍ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയം ഉദ്ഘാടനം 8 ന്




    കണ്ണൂർ :ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബര്‍ക്കായി ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മ്മിച്ച ആദ്യ ഭവന സമുച്ചയം കടമ്പൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കടമ്പൂര്‍ ഫ്‌ളാറ്റ് സമുച്ചയ കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി,അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
    കണ്ണൂര്‍ കൂത്തുപറമ്പ് സംസ്ഥാന പാതയില്‍ നിന്നും ഒന്നര കി.മീ മാറി പനോന്നേരിയില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് വിട്ടു നല്‍കിയ 40 സെന്റ് സ്ഥലത്താണ് പ്രീ ഫാബ് ടെക്‌നോളജിയിലുള്ള ഭവന സമുച്ചയം നിര്‍മ്മിച്ചത്. നാല് നിലകളിലായി 400 ചതുരശ്ര അടിയില്‍ 44 ഫ്‌ളാറ്റുകളാണിവിടെയുള്ളത്.
    രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്‌ലറ്റ്, ബാത്ത്‌റൂം എന്നീ സൗകര്യങ്ങളോടെയുള്ള ഫ്‌ളാറ്റില്‍ 24 മണിക്കൂറും വൈദ്യുതിയും കുടിവെള്ളവും ലഭിക്കും. 20 കിലോ വാട്ടിന്റെ സോളാര്‍ സംവിധാനം മുഖേന കെട്ടിട സമുച്ചയത്തിലെ പൊതു ഇടങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ ഒരുക്കും. കുഴല്‍ക്കിണറിലൂടെയാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. ഇതിന് പുറമേ ജല അതോറിറ്റി മുഖേനയും കുടിവെള്ളം എത്തിക്കും. 25000 ലിറ്ററിന്റെ രണ്ട് ടാങ്കുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. തുമ്പൂര്‍മുഴി മാതൃകയില്‍ എയ്‌റോബിക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
    ഏറ്റവും താഴത്തെ നിലയിലെ ഫ്‌ളാറ്റുകള്‍ അംഗപരിമിതരുള്ള കുടുംബങ്ങള്‍ക്കാണ് നല്‍കുക. 5.68 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക.
    തൃശ്ശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി. തെലങ്കാനയിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ആണ് കരാറെടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പ്രേമവല്ലി, മുന്‍ പ്രസിഡണ്ട് കെ ഗിരീശൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജസീര്‍ പി വി എന്നിവര്‍ പങ്കെടുത്തു


    No comments

    Post Top Ad

    Post Bottom Ad