Header Ads

  • Breaking News

    മധു കേസിൽ കേരളം കാത്തിരുന്ന ശിക്ഷ വിധിച്ച് കോടതി



    മധു കൊലപാതക കേസിലെ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി ഹുസൈന് 7 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. രണ്ടാം പ്രതി മുതൽ 15ാം പ്രതി വരെയുള്ളവർക്ക് 7 വർഷം തടവും 10,5000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 4ാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുൾ കരീം എന്നിവരെ ഇന്നലെ വെറുതെ വിട്ടിരുന്നു.

    നീതി പ്രതീക്ഷിച്ചു കൊണ്ട് കഴിഞ്ഞ അഞ്ച് വർഷമായി ഒറ്റപ്പെടുത്തലുകളും ഭീഷണിയും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ മധുവിന്റെ കുടുംബം നടത്തിയ പോരാട്ടമാണ് കേസിനെ വിധി പ്രഖ്യാപനം വരെ എത്തിച്ചത്.

    കേസിൽ ആകെ 16 പ്രതികളാണുള്ളത്. സാക്ഷിവിസ്താരവും അന്തിമ വാദവും പൂർത്തിയായ കേസ് വിധി പറയാൻ രണ്ട് തവണ മാറ്റിവെച്ചിരുന്നു. പിന്നീട് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

    ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് അട്ടപ്പാടി മധു വധക്കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു.
    കൂറുമാറിയ വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധക്കുക എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി. പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. മാർച്ച് പത്തിന് കേസിന്റെ അന്തിമവാദം പൂര്‍ത്തിയായിരുന്നു. 18 ന് വിധി പറയും എന്നായിരുന്നു ആദ്യം കോടതി അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസങ്ങളാല്‍ കേസിലെ വിധി പ്രഖ്യാപനം ഏപ്രിൽ നാലിലേക്ക് മാറ്റുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad