വിഷരഹിത പച്ചക്കറിക്കൃഷിയിൽ നരിക്കോടിന്റെ വിജയഗാഥ
Type Here to Get Search Results !

വിഷരഹിത പച്ചക്കറിക്കൃഷിയിൽ നരിക്കോടിന്റെ വിജയഗാഥ

ഏഴോം : വിഷരഹിത പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിളയിക്കുകയാണ് ഏഴോം പഞ്ചായത്തിലെ നരിക്കോട് ഗ്രാമം. വായനയുടെ വസന്തം വിരിയിച്ച നരിക്കോട് യുവചേതന പൊതുജന ഗ്രന്ഥാലയമാണു തുടർച്ചയായി പതിമൂന്നാം വർഷവും പച്ചക്കറിക്കൃഷിയിറക്കിയത്.

ജൈവവളം മാത്രം ഉപയോഗിച്ചാണു കൃഷി. അതുകൊണ്ടുതന്നെ ഇവിടത്തെ വിഷരഹിത പച്ചക്കറികൾക്കു വൻ ഡിമാൻഡാണ്. വിളവെടുത്ത പച്ചക്കറികൾ തൊട്ടടുത്ത റോഡരികിൽ തന്നെയാണു വിൽപന.

ഇവിടെ പച്ചക്കറികൾ എത്തിക്കുമ്പോഴേക്കും ആവശ്യക്കാരും ഓടിയെത്തും. ചുവന്ന ചീര, കുമ്പളം, വെള്ളരി, മത്തൻ, ചോളം, പയർ, താലോരി, മരച്ചീനി തുടങ്ങിയവയെല്ലാം രണ്ടേക്കർ സ്ഥലത്തെ വയലിലുണ്ട്. ഒന്നും രണ്ടും ആളുകളല്ല ഇവിടെ കൃഷി പരിപാലനത്തിന് ഇറങ്ങുന്നത് – 27 പേരാണ്.

ഇതിൽ സ്ത്രീകളും പുരുഷൻമാരുമുണ്ട്. വിത്തിടുന്നതു മുതൽ വിളവെടുപ്പു വരെ ഒറ്റക്കെട്ടായാണ്. രാവിലെയും വൈകിട്ടും സമയം കിട്ടുന്നവരെല്ലാം വയലിൽ എത്തും. ഇത്തവണ ചുവന്ന ചീര, മരച്ചീനി എന്നിവ വിളവെടുത്തു തുടങ്ങി. രണ്ടിനും റിക്കാർഡ് വിളവാണു ലഭിച്ചത്.

നാട്ടുകാരുടെ കൂട്ടായ്മ വിഷരഹിത പച്ചക്കറിയിൽ നല്ലപാഠം രചിക്കുമ്പോൾ അതിനു കലവറ ഇല്ലാത്ത പിന്തുണയുമായി ഏഴോം പഞ്ചായത്തംഗം എൻ.ഗോവിന്ദൻ മുഴുവൻ സമയവും ഒപ്പമുണ്ട്.

സ്വന്തം ഗ്രാമത്തെ വിഷരഹിത പച്ചക്കറി സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യവുമായാണു ജനകീയ കൂട്ടായ്മയിലുള്ള ഈ കൃഷി. ഓരോ വർഷം കഴിയുന്തോറും ആ സ്വപ്നത്തിലേക്ക് നരിക്കോട് ഗ്രാമം കൂടുതൽ അടുക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad