Header Ads

  • Breaking News

    കണ്ണൂർ മെഡിക്കൽ കോളജിന് പ്രതിവർഷം 25 കോടി രൂപയുടെ മരുന്ന് ആവശ്യം; സർക്കാർ അനുവദിക്കുന്നത് 7 കോടി രൂപ മാത്രം



    കണ്ണൂർ∙ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ അവശ്യമരുന്നുകൾ കിട്ടാനില്ലാതെ രോഗികൾ നട്ടംതിരിയുന്നതിന്റെ കാരണം ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണ മാത്രം. സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളജുകൾക്ക് അനുവദിക്കുന്നതിന്റെ പകുതി പോലും തുക മുഖ്യമന്ത്രിയുടെ നാട്ടിലെ മെഡിക്കൽ കോളജിലേക്കു മരുന്നു വാങ്ങാൻ അനുവദിക്കുന്നില്ല.

    പ്രതിവർഷം കുറഞ്ഞത് 25 കോടി രൂപയുടെ മരുന്ന് പരിയാരത്ത് ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും സർക്കാർ അനുവദിക്കുന്നത് 7 കോടി രൂപ മാത്രം. കണ്ണൂർ മെഡിക്കൽ കോളജുമായി താരതമ്യം ചെയ്യുമ്പോൾ പകുതിപോലും രോഗികളില്ലാത്ത എറണാകുളം മെഡിക്കൽ കോളജിനു വരെ 8 കോടി രൂപ പ്രതിവർഷം അനുവദിക്കുന്നുണ്ട്.

    ∙ പ്രതിസന്ധി

    25 വർഷമായി പ്രവർത്തിക്കുന്ന പരിയാരത്തെ മെഡിക്കൽ കോളജിനു സർക്കാരിന്റെ നിഗമനത്തിൽ പ്രായം 5 വർഷം മാത്രമാണ്. ആശുപത്രിയോടുള്ള സർക്കാർ അവഗണനയുടെ പ്രധാന കാരണവുമിതാണ്. ആശുപത്രിക്കു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും പ്രത്യേക ഫണ്ടുകളും ഇക്കാരണത്താൽ നഷ്ടപ്പെടുന്നുണ്ട്. രണ്ടു പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുമ്പോഴാണ് ആശുപത്രി സർക്കാർ ഏറ്റെടുക്കുന്നത്. 1200 കിടക്കകളും പ്രതിദിനം 1500 ൽ അധികം രോഗികൾ ഒപിയിലുമെത്തുന്ന മെഡിക്കൽ കോളജിന് ഏറ്റവും കുറഞ്ഞത് പ്രതിവർഷം 25 കോടി രൂപയുടെ മരുന്ന് ആവശ്യമാണ്.

    ഇക്കാര്യം ചൂണ്ടിക്കാട്ടി ഒട്ടേറെത്തവണ ആശുപത്രി അധികൃതർ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകൾക്ക് പ്രതിവർഷം മരുന്നിനായി 30 കോടി മുതൽ 45 കോടി രൂപ വരെ അനുവദിക്കുമ്പോഴാണ് പരിയാരത്തോട് ഈ അവഗണന. മെഡിക്കൽ കോളജിലേക്ക് ആവശ്യത്തിനുള്ള മരുന്നുകൾ ഒരുവർഷത്തേക്ക് മൊത്തമായാണ് എത്താറുള്ളത്. ഇതനുസരിച്ച് മെഡിക്കൽ കോളജ് അധികൃതർ നൽകിയ പട്ടികപ്രകാരമുള്ള മിക്ക മരുന്നുകളും ഇതുവരെ ലഭിക്കാത്തതാണു പ്രതിസന്ധിക്കു കാരണം.

    എത്തിയ മരുന്നുകൾ വളരെ കുറച്ചു മാത്രവും.മരുന്നു വിതരണം ചെയ്യുന്ന കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ ഡിപ്പോയിൽ ആവശ്യത്തിനു മരുന്ന് എത്താത്തതിനാലാണ് ആശുപത്രിയിൽ മരുന്നു ക്ഷാമമുണ്ടാകുന്നത്. സർക്കാർ ഏറ്റെടുത്തതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് മരുന്നില്ലാത്തതിനാലുള്ള പ്രതിസന്ധി.


    No comments

    Post Top Ad

    Post Bottom Ad