Header Ads

  • Breaking News

    കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; കാറിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നു



    കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം വെന്തുമരിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. തീപിടിച്ച വാഹനത്തില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഇതാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി പെട്ടന്ന് തീപിടിക്കാന്‍ കാരണമെന്നാണ് നിഗമനം. കാറിനുള്ളില്‍ രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയുണ്ടായ തീ കൂടുതല്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കാനിത് ഇടയാക്കിയെന്നുമാണ് എംവിഡി കണ്ടെത്തല്‍.

    ജെസിബി ഡ്രൈവര്‍ കൂടി ആയിരുന്ന മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോള്‍ കാര്‍ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയില്‍ വച്ചിരുന്നു. കാറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാന്‍ കാരണമിതാണ്. എയര്‍ പ്യൂരിഫയര്‍ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി. തീ ഡോറിലേക്ക് പടര്‍ന്നതിനാല്‍ ലോക്കിങ്ങ് സിസ്റ്റവും പ്രവര്‍ത്തനരഹിതമായെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.


    അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.


    കാറില്‍ എക്‌സ്ട്രാ ഫിറ്റിങ്‌സുകള്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്‌സാക്ഷികളുടെ മൊഴിയുമുണ്ട്. എന്നാല്‍ ആശുപത്രിയില്‍ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    പെട്രോള്‍ ടാങ്കിന് തീപിടിക്കുന്നതിന് മുന്‍പ് ഫയര്‍ ഫോഴ്‌സ് തീയണച്ചു. എങ്കിലും സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചിരുന്നു. പെര്‍ഫ്യൂം, സാനിറ്റൈസര്‍ പോലുള്ള വസ്തുക്കള്‍ തീപടരാന്‍ കാരണമായേക്കാമെന്നും വിശദ പരിശോധനക്ക് വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും ആര്‍ടിഒ ഉണ്ണികൃഷ്ണന്‍ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad