Header Ads

  • Breaking News

    മരിക്കാത്ത പിതാവിന് ആദരാഞ്ജലിയുമായി മകന്റെ ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് നേതാവായ മുൻ ജനപ്രതിനിധിക്ക് അനുശോചന പ്രവാഹം




    ജീവിച്ചിരിക്കുന്ന അച്ഛന്‍ മരിച്ചെന്ന് കാട്ടി മകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് കണ്ട അന്ധാളിപ്പിലാണ് ഒരു പിതാവ്. ഇടുക്കി ജില്ലയിലെ പീരുമേട്ടിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ജനപ്രതിനിധിയുമായ അറുപതുകാരനാണ് ജീവിച്ചിരിക്കുമ്പോള്‍ തനിക്ക് ലഭിച്ച ആദരാഞ്ജലികള്‍ക്ക് മറുപടി പറയാനാകാതെ അമ്പരന്ന് പോയത്. ഇന്നലെ രാവിലെയാണ് മൂപ്പത്തിനാലുകാരനായ മൂത്ത മകന്‍റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് അച്ഛന്‍റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

    പിതാവിന്റെ ചിത്രത്തോടൊപ്പം ‘ആർഐപി, ഐ മിസ് യു’ എന്നിങ്ങനെയുള്ള വാചകങ്ങളും ചേർത്തിരുന്നു. ഇളയമകന്റെ വാട്സാപ്പിൽ വന്ന സന്ദേശത്തിൽ നിന്നാണ് തന്‍റെ മരണ വാര്‍ത്ത കോൺഗ്രസ് നേതാവ് അറിയുന്നത്. ഫേയ്സ്ബുക്ക് പോസ്റ്റ് കണ്ട ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരെല്ലാം അപ്പോഴേക്കും അനുശോചനം രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു അടക്കം അനുശോചനം രേഖപ്പെടുത്തിയവരിലുണ്ട്.

    കുടുംബാംഗങ്ങളുടെ ഫോണിലേക്കും നേതാവിന്റെ ഫോണിലേക്കും മരണകാരണം തിരക്കിയും സംസ്കാര സമയം അറിയാനുമായി വിദേശത്തുനിന്നുൾപ്പെടെ വിളികളെത്തി. അച്ഛനും മകനും തമ്മിലുള്ള കുടുംബവഴക്കിനെ തുടർന്നാണ് മകന്റെ ഈ കൈവിട്ടകളിയെന്നാണ് അടുത്തബന്ധുക്കൾ നൽകുന്ന സൂചന. വ്യാജവാർത്ത പ്രചരിപ്പിച്ച മകനെതിരെ പോലീസിൽ പരാതി നൽകാനാണ് ആദ്യം പിതാവ് തീരുമാനിച്ചത്. എന്നാൽ പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം ‌മകന് മാപ്പുനൽകുകയായിരുന്നു. ഐടി ആക്ട് പ്രകാരം 5 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.


    No comments

    Post Top Ad

    Post Bottom Ad