Header Ads

  • Breaking News

    ചെറുകുന്നിൽ റെയിൽവേ ട്രാക്കിൽ ചെങ്കല്ല് കണ്ടെത്തിയ സംഭവം; യുവാവിന്റെ വസ്ത്രത്തിൽ കല്ലിന്റെ പൊടി



    ചെറുകുന്ന് താവം റെയിൽപാളത്തിൽ ചെങ്കല്ല് വച്ചതായി കണ്ടെത്തിയ സംഭവത്തിൽ ശക്തമായ തെളിവുകളുമായി റെയിൽവേ. സംഭവം നടന്ന സ്ഥലത്തെ ക്വാർട്ടേഴ്‌സിൽ നിന്ന് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ണപുരം പോലീസ് പിടികൂടിയ അസം സ്വദേശിയായ നിർമാണതൊഴിലാളിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാളുടെ വസ്ത്രത്തിൽ ചെങ്കല്ലിന്റെ പൊടി കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ ഫോറസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ട്രാക്കിനു സമീപത്തെ വീട്ടുപറമ്പിലുണ്ടായിരുന്ന കല്ലട്ടിയിൽ നിന്നുള്ള ഒരു കല്ലാണ് ട്രാക്കിൽ കൊണ്ടുപോയി വച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

    കല്ലെടുത്ത സ്ഥലവും പോലീസ് മാർക്ക് ചെയ്തു. സംഭവസ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ റെയിൽപ്പാളത്തിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന മൂന്ന് മറുനാടൻ തൊഴിലാളികളെയാണ് ആർപിഎഫ്. കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്‌തെങ്കിലും ഇവർക്ക് ഇതിൽ പങ്കില്ലെന്ന് ആർപിഎഫ് അധികൃതർ പറഞ്ഞിരുന്നു. പിന്നീടാണ് ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന അസാം സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ചെറുകുന്ന് താവം പള്ളിക്ക് സമീപത്തെ റെയിൽപ്പാളത്തിലാണ് വലിയ ചെങ്കല്ല് കണ്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 12.30-നായിരുന്നു സംഭവം. പതിവ് പരിശോധനയ്ക്കിടെ റെയിൽവേ ട്രാക്ക്മാൻമാരുടെ ശ്രദ്ധയിൽപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ജീവനക്കാർ ഉടൻ കല്ല് നീക്കി. റെയിൽവേ സംരക്ഷണസേനയും പോലീസ് നായയും സ്ഥത്തെത്തി. പോലീസ് നായ മണം പിടിച്ച് സമീപത്തെ ക്വാർട്ടേഴ്‌സിലേക്ക് പോയിരുന്നു. ഇവിടെ താമസിച്ചിരുന്ന മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഈ വർഷം മൂന്നാം തവണയാണ് കണ്ണൂർ പരിധിയിൽ പാളത്തിൽ കല്ല് കണ്ടെത്തുന്നത്. കണ്ണൂർ സൗത്ത്, കല്യാശ്ശേരി എന്നിവിടങ്ങളിലാണ് ഇതിന് മുൻപ് അജ്ഞാതർ കല്ല് വെച്ചത്. ഈ സംഭവങ്ങളൊന്നും പ്രതികളെ കണ്ടെത്താൻ റെയിൽവേക്കും പോലീസിനും കഴിഞ്ഞില്ല. ഇതാദ്യമായാണ് ഇത്തരം സംഭവത്തിൽ ഒരാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ഇത്തരം സംഭവങ്ങൾക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. ഇത്രയും വലിയ കല്ല് പാളത്തിൽ വച്ചത് റെയിൽവേ ഗൗരവത്തോടെയാണ് കാണുന്നത്.


    No comments

    Post Top Ad

    Post Bottom Ad