Header Ads

  • Breaking News

    ഇലന്തൂർ നരബലി; കൂടുതൽ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി; തെളിവെടുപ്പ് ഇന്ന്



    തിരുവനന്തപുരം: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി ‍ഡിജിപി അനിൽകാന്ത്. കൂടുതൽ മൃതദ്ദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. വിശദമായി തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായ്കളും ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. മറ്റേതെങ്കിലും മൃതദേഹങ്ങൾ മറവു ചെയ്തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചിൽ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ പൊലീസ് തീരുമാനിച്ചത്.

    നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്നു എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. പ്രതികളെ മൂന്ന് പേരേയും  ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും. അന്വേഷണത്തിൻ്റെ ഭാഗമായുള്ള തെളിവെടുപ്പും ഇന്ന് നടക്കും.

    No comments

    Post Top Ad

    Post Bottom Ad