Header Ads

  • Breaking News

    സുൽത്താൻ ബത്തേരിയെ പ്രേത നഗരം ആക്കുന്നതാര്?; യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു



    സുൽത്താൻബത്തേരിയെ പ്രേത നഗരം ആക്കുന്നതാര്?.സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി യുവാവിന്റെ കുറിപ്പ്. പോസ്റ്റ് വിശദമായി വായിക്കാം..

    പൂർണരൂപം

    സുൽത്താൻബത്തേരിയെ പ്രേത നഗരം ആക്കുന്നതാര്?

    കേരളത്തിന്റെ പൂങ്കാവനം എന്നും സുൽത്താന്റെ ബത്തേരിയെന്നുമൊക്കെ നിരവധി വിശേഷണങ്ങൾ ലഭിച്ചിട്ടുള്ള സുൽത്താൻബത്തേരി, അദൃശ്യമായ നീരാളി കൈകളിൽപ്പെട്ട് ഇന്ന് അകാലചരമം അടയുകയാണ്. 2009 ൽ ബന്ദിപ്പൂർ പ്രോജക്ട് ടൈഗർ ഡിവിഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആയിരുന്ന DR. D രാജു IFS നടത്തിയ പഠനത്തിൽ ബത്തേരി മൈസൂർ റോഡിലൂടെ 30 മിനിറ്റിനുള്ളിൽ 44 വാഹനങ്ങൾ കടന്നു പോകുന്നുണ്ട് എന്ന് കണ്ടെത്തിയ സ്ഥാനത്ത്, ഇന്ന് രാത്രി 9:40ന് കോഴിക്കോട്ടേക്ക് ഒരു കെഎസ്ആർടിസി ബസ് പോയാൽ നാലുമണിക്കൂർ ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേക്കോ, കോഴിക്കോട്ടേക്കോ ഒരു കെഎസ്ആർടിസി ബസ് പോലും ഇല്ല എന്ന് വരെയായി കാര്യങ്ങൾ.

    നേരം പുലരും വരെ തട്ടുകടകളും വിനോദസഞ്ചാരികളും നിറഞ്ഞിരുന്ന ബത്തേരി പട്ടണം ഇന്ന് 9 മണിയാകുമ്പോഴേക്കും ശ്മശാന മൂകമായി മാറിയിരിക്കുന്നു. ബീനാച്ചി എസ്റ്റേറ്റിൽ വയനാട് മെഡിക്കൽ കോളേജ് വരുമെന്നും, ബത്തേരി പട്ടണം അതിന്റെ പ്രൗഡി വീണ്ടെടുക്കും എന്നൊക്കെ സ്വപ്നം കണ്ട ഒരു തലമുറ, ഇന്ന് “വീടും സ്ഥലവും വിൽക്കാനുണ്ട്” എന്ന നോട്ടീസ് ഒട്ടിച്ച് നടക്കുകയാണ്.

    കർണാടക സർക്കാർ കൊണ്ടുവന്ന രാത്രിയാത്ര നിരോധനം ഇപ്പോൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ മുത്തങ്ങ വരെ എത്തിനിൽക്കുന്നു. ലാഭകരം എന്ന ഡിഎംആർസി തലവൻ പറഞ്ഞ നിലമ്പൂർ നഞ്ചൻകോട് റെയിൽവേ ഒരു കാരണവുമില്ലാതെ തടഞ്ഞു വെച്ചിരിക്കുന്നു. ബത്തേരി പട്ടണത്തിൽ വരെ കടുവയെ കൊണ്ടുവന്ന വിട്ട് ജനങ്ങളെ പേടിപ്പിച്ച് നാടുവിടാൻ നിർബന്ധിക്കുകയാണ് ഈ നീരാളി കരങ്ങൾ. വർദ്ധിച്ചിട്ടുണ്ട്, അടിസ്ഥാന സൗകര്യങ്ങൾ. മനുഷ്യനല്ല കടുവയ്ക്കാണെന്ന് മാത്രം.

    ലോകത്ത് എവിടെയും ഉള്ള ഏത് കടുവയെയും കൊണ്ടുവന്ന ചികിത്സിച്ച് കാട്ടിലേക്ക് അഴിച്ചുവിടാൻ കടുവകൾക്ക് പ്രത്യേക ആശുപത്രി വരെ പണിതിട്ടുണ്ട് ബത്തേരിയിൽ.ജനസാഗരം ഇരമ്പി ആർത്ത രാത്രി യാത്ര നിരോധന വിരുദ്ധ സമരവും, വടക്കനാട് സമരവും ചവിട്ടിയരച്ച് ചവച്ചു കുട്ടയിൽ എറിഞ്ഞിട്ടുണ്ട്.സ്വർഗ്ഗം പോലെ സുന്ദരമായ ഞങ്ങളുടെ നാട്ടിൽ നിന്നും മനുഷ്യരെ കുടിയിറക്കാൻ ആഗ്രഹിക്കുന്ന നീരാളി കരങ്ങളെ ബന്ധിക്കാൻ ബത്തേരിക്കാർക്ക് കഴിയുമോ? അതോ വയനാട് ഒരു കടുവാ സങ്കേതമായി മാറുമോ?


    No comments

    Post Top Ad

    Post Bottom Ad