‘ശ്വാസകോശ രോഗങ്ങൾക്കുള്ള വാക്സീൻ മുതിർന്നവർക്കു സൗജന്യമാക്കണം’
കണ്ണൂർ: ചെസ്റ്റ് സൊസൈറ്റിയും അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിനും (എപിസിസിഎം) ചേർന്നു സംഘടിപ്പിക്കുന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനമായ പൾമോകോണിന്റെ ഉദ്ഘാടനം മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യം നിർവഹിച്ചു. ദേശീയ, രാജ്യാന്തര തലങ്ങളിൽ നിന്നുള്ള ശ്വാസകോശരോഗ വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംവാദങ്ങളും ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.ശ്വാസകോശ ഭിത്തികൾ തകരുന്ന ബ്രോങ്കൈക്റ്റാസിസ് രോഗത്തെക്കുറിച്ചു നടന്ന ചർച്ചയിൽ ദീർഘ കാല ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സ വളരെ ഫലപ്രദമാണെന്ന വിലയിരുത്തലുണ്ടായി.ഗുരുതര ശ്വാസകോശ രോഗങ്ങൾക്കും ദീർഘകാല ശ്വാസകോശ രോഗങ്ങൾക്കും ന്യൂമോകോക്കൽ, ഇൻഫ്ലുവൻസ പ്രതിരോധ വാക്സീനുകൾ വളരെ ഫലപ്രദമാണ്.
കോവിഡിൽ നിന്നു പാഠമുൾക്കൊണ്ട് കൊണ്ട് നാഷനൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തി മുതിർന്നവർക്കും ഈ വാക്സീനുകൾ സൗജന്യമായി നൽകണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു സമ്മേളനം അടിയന്തര പ്രാധാന്യത്തോടെ ആവശ്യപ്പെട്ടു.സർക്കാർ മേഖലയിൽ കൂടുതൽ ശ്വാസകോശരോഗ വിദഗ്ധരുടെ തസ്തികകൾ സൃഷ്ടിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ (എപിസിസിഎം) പ്രസിഡന്റ് ഡോ.ഷാജഹാൻ അധ്യക്ഷനായി. സെക്രട്ടറി ഡോ.ജയപ്രകാശ് പ്രസംഗിച്ചു. പുതിയ എകെസിസിഎം പ്രസിഡന്റായി ഡോ.കുര്യൻ ഉമ്മനെ തിരഞ്ഞെടുക്കപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ പുരസ്കാരങ്ങളും വിതരണം ചെയ്തു. സമഗ്ര സംഭാവനാ പുരസ്കാരത്തിന് കോയമ്പത്തൂരിലെ പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധൻ ഡോ.ടി.മോഹൻകുമാർ അർഹനായി. എപിസിസിഎം ഗോൾഡ് മെഡൽ ഡോ.മീര ജയകുമാർ സ്വന്തമാക്കി.പേഷ്യന്റ് അപ്രസിയേഷൻ അവാർഡിന് കോട്ടയം പുഷ്പഗിരി മെഡിക്കൽ കോളജ് ശ്വാസകോശ രോഗ വിഭാഗം തലവൻ ഡോ.പി.സുകുമാരൻ അർഹനായി. മികച്ച യുവ പൾമനോളജിസ്റ്റ് അവാർഡ് കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ഡോ.എം.സി.സാബിർ നേടി.കൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.
No comments
Post a Comment