Header Ads

  • Breaking News

    സഹപാഠി നല്‍കിയ ആസിഡ് കലര്‍ന്ന ജ്യൂസ് കഴിച്ച 11 കാരന്റെ നില അതീവ ഗുരുതരം: വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചു



    നാഗര്‍കോവില്‍:സഹപാഠി നല്‍കിയ ആസിഡ് കലര്‍ന്ന ജ്യൂസ് കഴിച്ച 11 കാരന്റെ നില അതീവ ഗുരുതരം. രണ്ട് വൃക്കകളുടേയും പ്രവര്‍ത്തനം നിലച്ചു. കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിനാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. കളിയിക്കാവിള കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍. അതേസമയം, സഹപാഠി അശ്വിന് നല്‍കിയ ശീതളപാനീയത്തില്‍ ആസിഡ് കലര്‍ന്നിരുന്നതായി പൊലീസ് കണ്ടെത്തി.

    ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ഉള്ളില്‍ ആസിഡ് ചെന്നതായി പരിശോധനയില്‍ വ്യക്തമായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെപ്തംബര്‍ 24ന് ആണ് സംഭവം.

    പരീക്ഷ എഴുതിയ ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി തനിക്കു ശീതളപാനീയം നല്‍കിയെന്നാണു കുട്ടി വീട്ടില്‍ അറിയിച്ചത്. രുചി വ്യത്യാസം തോന്നിയതിനാല്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും പറഞ്ഞിരുന്നു. പിറ്റേന്നു പനി ബാധിച്ചു. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കടുത്ത വയറുവേദന, ഛര്‍ദ്ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

    അശ്വിന്റെ ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതോടെ ഡയാലിസിസ് നടത്തി. അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്. അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പാനീയം നല്‍കിയതെന്നും അശ്വിനു തിരിച്ചറിയാന്‍ സാധിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad