Header Ads

  • Breaking News

    ഈ കുട്ടിക്കടയിൽ സത്യസന്ധതയാണ്‌ ലാഭം






    ശ്രീകണ്ഠപുരം

    കണക്കുകൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും മാത്രമല്ല, കുട്ടികളെ സത്യസന്ധതയും പഠിപ്പിക്കുകയാണ് ഇരിക്കൂർ ചേടിച്ചേരി ദേശമിത്രം യുപി സ്കൂളിലെ കുട്ടിക്കട. കുട്ടികൾക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. സത്യസന്ധത വളർത്തുക, ഗണിത ക്രിയകളിൽ പ്രാവീണ്യം നേടുക, പഠന സാമഗ്രികൾ സ്കൂളിൽ തന്നെ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹോണസ്റ്റി ഷോപ്പ് തുറന്നത്.

    പേന, പെൻസിൽ, സ്കെയിൽ, റബർ, പെൻസിൽ കട്ടർ, സ്കെയിൽ, ചാർട്ടു പേപ്പറുകൾ, നോട്ടുബുക്ക് പേനകൾ, ക്രയോൺസ് തുടങ്ങി പഠനത്തിനാവശ്യമായ സാധനങ്ങളെല്ലാം ലഭിക്കും. ഇവ വിൽക്കാനും വാങ്ങാനും നിരീക്ഷിക്കാനും ആരുമില്ല. പദ്ധതിയുടെ വിജയം കുട്ടികളുടെ സത്യസന്ധതയും ആത്മാർഥതയും മാത്രം. പിടിഎ എക്സിക്യൂട്ടീവിൽ നടന്ന ചർച്ചകളുടെ ഭാഗമായാണ് കട തുടങ്ങിയത്. എക്സിക്യൂട്ടീവ് അംഗമായ റോസ്ന മകൾ നിവേദ്യയുടെ പിറന്നാൾ സമ്മാനമായി ഒരു പഠനോപകരണക്കിറ്റ് സ്കൂളിലേക്ക് നൽകുകയായിരുന്നു. കൂടെ മറ്റു ചില സാധനങ്ങൾ കൂടെ വാങ്ങി കിറ്റിന്റെ എണ്ണംകൂട്ടി.

    വരാന്തയിൽ ഒരു മേശപ്പുറത്താണ് കച്ചവട മൂല. സാധനങ്ങൾ എടുത്ത് സമീപത്തെ പെട്ടിയിൽ തുക നിക്ഷേപിക്കാം. പഞ്ചായത്ത് പ്രസിഡന്റ് ടി സി നസിയത്ത് ഉദ്ഘാടനംചെയ്തു. എം വി മിഥുൻ അധ്യക്ഷനായി. പ്രധാനാധ്യാപിക ഒ സി ബേബി ലത, സിഎം ഉഷ, കെ ജനാർദനൻ, ഇ വി ഉമേഷ്, സി സന്ദീപ് എന്നിവർ സംസാരിച്ചു. രാവിലെ 9.15 മുതൽ 9.45 വരെയാണ് കടയുടെ പ്രവർത്തനം.

    No comments

    Post Top Ad

    Post Bottom Ad