Header Ads

  • Breaking News

    ചോദ്യങ്ങൾ ഉന്നയിക്കുന്ന, സംശയങ്ങൾ പ്രകടിപ്പിക്കുന്ന ശീലം വിദ്യാർത്ഥികളിൽ പ്രോത്സാഹിപ്പിക്കണം: രാഷ്ട്രപതി






    ദില്ലി: ചോദ്യങ്ങൾ ഉന്നയിക്കുകയും സംശയങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന ശീലം വിദ്യാർത്ഥികളിൽ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ധ്യാപകരോട് അഭ്യർത്ഥിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു.. അധ്യാപക ദിനത്തിൽ അധ്യാപകർക്ക് ദേശീയ അവാർഡുകൾ സമ്മാനിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്തംബർ 5 ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ, രാഷ്ട്രപതി ദ്രൗപദി മുർമു, രാജ്യത്തുടനീളമുള്ള 45 അധ്യാപകർക്ക് ദേശീയ അവാർഡുകൾ സമ്മാനിച്ചു. തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ജെയ്‌നസ് ജേക്കബും പുരസ്‌കാരം ഏറ്റുവാങ്ങിയവരിൽ ഉൾപ്പെടുന്നു.

    തദവസരത്തിൽ സംസാരിച്ച രാഷ്ട്രപതി തന്റെ അധ്യാപകരെ അനുസ്മരിച്ചു. അവർ കേവലം പഠിപ്പിക്കുക മാത്രമല്ല സ്നേഹവും പ്രചോദനവും നൽകുകയും ചെയ്തതായി അവർ അനുസ്മരിച്ചു. കുടുംബത്തിന്റെയും അധ്യാപകരുടെയും മാർഗനിർദേശത്തിന്റെ ബലത്തിൽ, തന്റെ ഗ്രാമത്തിൽ നിന്നും കോളേജിൽ ചേർന്ന ആദ്യത്തെ പെൺകുട്ടിയായിരുന്നു താൻ എന്നും രാഷ്‌ട്രപതി പറഞ്ഞു. ജീവിതത്തിൽ അവരുടെ നേട്ടങ്ങൾക്ക് അദ്ധ്യാപകരോട് എന്നും കടപ്പാടുണ്ടെന്ന് അവർ പറഞ്ഞു.

    ശാസ്ത്രവും ഗവേഷണവും നൂതനാശയവുമാണ് ഇന്നത്തെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ വികസനത്തിന്റെ അടിസ്ഥാനമെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ മേഖലകളിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അടിത്തറ സ്‌കൂൾ വിദ്യാഭ്യാസത്തിലൂടെ നിർമ്മിക്കപ്പെടും. തന്റെ കാഴ്ചപ്പാടിൽ, ശാസ്ത്രത്തിലോ സാഹിത്യത്തിലോ സാമൂഹിക ശാസ്ത്രത്തിലോ ഉള്ള മൗലിക പ്രതിഭകളുടെ വികസനം മാതൃഭാഷയിലൂടെ കൂടുതൽ ഫലപ്രദമാകുമെന്ന് അവർ പറഞ്ഞു. വിദ്യാർഥികളിൽ ശാസ്ത്രത്തിലും ഗവേഷണത്തിലും താൽപര്യം ജനിപ്പിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്നും രാഷ്ട്രപതി പറഞ്ഞു. വിദ്യാർത്ഥികളിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും സംശയങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന ശീലം പ്രോത്സാഹിപ്പിക്കണമെന്ന് രാഷ്ട്രപതി അധ്യാപകരോട് അഭ്യർത്ഥിച്ചു.


    No comments

    Post Top Ad

    Post Bottom Ad