Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ: വിവിധ ജില്ലകളിൽ റെഡ് അലേർട്ടുകൾ




    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവാസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവുമുണ്ട്.

    കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസളിൽ മഴ കനക്കാനും സാധ്യതയുണ്ട്. ഉത്രാടനാളിൽ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

    അതിനിടെ ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം പാലോടില്‍ 10 പേര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു. മൂന്ന് കുടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലെ എട്ടുപേരെ രക്ഷിച്ചു. അമ്മയെ ഇനിയും കണ്ടെത്താനുണ്ട്. ആറു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് നിന്നെത്തിയവര്‍ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം.

    No comments

    Post Top Ad

    Post Bottom Ad