Header Ads

  • Breaking News

    വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഏതെങ്കിലും ഒരു പങ്കാളി മോശമെന്ന് തെളിയിക്കേണ്ട ആവശ്യമില്ല: സുപ്രിംകോടതി



    ഒരു വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ രണ്ട് പങ്കാളികളില്‍ ആരെങ്കിലുമൊരാള്‍ മോശമോ കുറ്റക്കാരോ ആണെന്ന് കോടതിയില്‍ തെളിയിക്കേണ്ടെന്ന് സുപ്രിംകോടതി. പങ്കാളികള്‍ രണ്ടുപേരും വ്യക്തിപരമായി നല്ലവരാകാമെങ്കിലും ബന്ധത്തില്‍ തീരെ പൊരുത്തപ്പെടാനാകാത്ത സാഹചര്യം ഉണ്ടായേക്കാമെന്ന് സുപ്രിംകോടതി  നിരീക്ഷിച്ചു

    ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. പുനഃസ്ഥാപിക്കാനാവാത്ത ബന്ധങ്ങളുടെ തകര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിക്കാനുള്ള സുപ്രിംകോടതിയുടെ അധികാരവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എഎസ് ഓക്ക, വിക്രം നാഥ്, ജെകെ മഹേശ്വരി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

    വിവാഹമോചനം തേടുമ്പോള്‍ കക്ഷികള്‍ മറുവശത്ത് നില്‍ക്കുന്ന ആള്‍ക്കെതിരെ ഉന്നയിക്കുന്ന പല വാദമുഖങ്ങളും സമൂഹത്തിന്റെ ചില നിര്‍ബന്ധങ്ങളിലും പ്രതീക്ഷകളില്‍ നിന്നുമുണ്ടാകുന്നതാണ്. ഇത് തെറ്റായ രീതിയാണെന്ന് കോടതി വിലയിരുത്തി. രണ്ട് നല്ല വ്യക്തികള്‍ക്ക് ഒരുപക്ഷേ രണ്ട് നല്ല പങ്കാളികളായിരിക്കാന്‍ കഴിഞ്ഞെന്നുവരില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സുപ്രിംകോടതിയില്‍ ഇന്നും വാദം തുടരും.

    No comments

    Post Top Ad

    Post Bottom Ad