Header Ads

  • Breaking News

    10 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ എൻഐഎ റെയ്ഡ്;100 പേർ കസ്റ്റഡിയിൽ



    കൊച്ചി:കേരളം ഉൾപ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീട്ടിലുമായി പുലർച്ചെ മുതൽ എൻഐഎ നടത്തിയ റെയ്ഡിൽ നേതാക്കളടക്കം നൂറ് പേർ കസ്റ്റഡിയിൽ. ഇഡിയുമായി ചേർന്നാണ് പരിശോധന. പോപ്പുലർഫ്രണ്ട് ദേശീയ ചെയര്‍മാന്‍, ദേശീയ സെക്രട്ടറി, സംസ്ഥാനപ്രസിഡന്‍റ് എന്നിവരെ മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തു. സംസ്ഥാനകമ്മിറ്റി ഓഫിസിലെ മുന്‍ അക്കൗണ്ടന്‍റിനേയും മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തു. 

    പോപ്പുലർഫ്രണ്ട് സംസ്ഥാനസമിതി അംഗത്തേയും എസ്‍ഡിപിഐ സംസ്ഥാനസെക്രട്ടറിയേയും തൃശൂരില്‍ നിന്നും എസ്ഡിപിഐ ജില്ലാനേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയില്‍നിന്നും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഒാഫിസിലും ജില്ലാ കമ്മിറ്റി ഒാഫിസുകളിലും നടത്തിയ പരിശോധനയില്‍ നാല് മൊബൈലും പെന്‍ഡ്രൈവും ലഘുലേഖകളും പിടിച്ചെടുത്തു. രാജ്യത്തെ വിവിധയിടങ്ങളില്‍ റജിസ്റ്റര്‍ചെയ്ത കേസുകളിലാണ് നടപടി. കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്ര, തെലങ്കാന, യുപി തുടങ്ങിയ ഇടങ്ങളിലുമാണ് റെയ്ഡ്. 

    അതേസമയം  റെയ്ഡിലും നേതാക്കളുടെ കസ്റ്റഡിയിലും പോപ്പുലർ ഫ്രണ്ട് പ്രതിഷേധിച്ചു. ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു. നേതാക്കളെ കസ്റ്റഡിയിൽ നിന്ന് വിട്ടു കിട്ടിയില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad