പ്രളയാനുബന്ധ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
Type Here to Get Search Results !

പ്രളയാനുബന്ധ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറൽ പനികൾ എന്നിവയാണ് പ്രളയത്തിന് അനുബന്ധമായി അധികമായി കണ്ടുവരുന്ന രോഗങ്ങൾ. ഇവയ്ക്കെതിരെ വളരെ ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കോവിഡിൽ നിന്നും പൂർണമായും സംസ്ഥാനം മുക്തി നേടിയിട്ടില്ല. ക്യാമ്പുകളിൽ കഴിയുന്ന പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. ഇതിലൂടെ വിവിധതരം വായുജന്യ രോഗങ്ങളേയും പ്രതിരോധിക്കാൻ സാധിക്കും. ക്യാമ്പുകൾക്ക് തൊട്ടടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ ക്യാമ്പുകൾ സന്ദർശിക്കണമെന്നും എന്തെങ്കിലും ബുദ്ധിമുട്ടുള്ളവരെ ആശുപത്രിയിലേക്ക് മാറ്റേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

എലിപ്പനി

മണ്ണുമായോ മലിന ജലവുമായോ സമ്പർക്കമുള്ളവരും സന്നദ്ധ പ്രവർത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. മലിനജലവുമായി സമ്പർക്കം വരുന്ന കാലയളവിൽ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക വീതം) കഴിച്ചിരിക്കേണ്ടതാണ്. ആരംഭത്തിൽ എലിപ്പനി കണ്ടെത്തി ചികിത്സിച്ചാൽ സങ്കീർണതകളിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കും.

കൊതുകുജന്യ രോഗങ്ങൾ

ഡെങ്കിപ്പനി, മലമ്പനി, ചിക്കൻ ഗുനിയ, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം മുതലായ കൊതുജന്യ രോഗങ്ങളിൽ നിന്നും രക്ഷനേടുവാൻ വീടും പരിസരവും, ക്യാമ്പുകളും വെള്ളം കെട്ടി നിന്ന് കൊതുക് വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ ആഴ്ചയിലൊരിക്കൽ നിരീക്ഷിച്ച് നശിപ്പിക്കണം.

വായുജന്യ രോഗങ്ങൾ

കോവിഡ്, എച്ച്1 എൻ 1, വൈറൽ പനി, ചിക്കൻപോക്സ് തുടങ്ങിയ വായുജന്യ രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മാസ്‌ക് ശരിയായവിധം ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

ജലജന്യ രോഗങ്ങൾ

വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായ ജലജന്യ രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പാത്രങ്ങളും പച്ചക്കറികളും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് കഴുകുക. വയറിളക്കം വന്നാൽ ഒ.ആർ.എസ്. ലായനി ആവശ്യാനുസരണം നൽകുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം എന്നിവയും കൂടുതലായി നൽകുക. വയറിളക്കം ബാധിച്ചാൽ ഭക്ഷണവും വെള്ളവും കൂടുതലായി നൽകണം. വർധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമ്മം, മയക്കം, മൂത്രക്കുറവ്, കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം തുടങ്ങിയ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക.

ചർമ്മ രോഗങ്ങൾ

കഴിയുന്നതും ചർമ്മം ഈർപ്പരഹിതമായി സൂക്ഷിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. മലിനജലത്തിൽ ഇറങ്ങുന്നവർ കൈയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്. ത്വക്ക് രോഗങ്ങൾ, ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്ക് വൈദ്യസഹായം ഉറപ്പാക്കുക.

പാമ്പുകടിയും വൈദ്യുതാഘാതവും

വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എത്രയും വേഗം ആശുപത്രിയിലെത്തിക്കുക. വീട് ശുചീകരിക്കാൻ പോകുന്നവർ വൈദ്യുതാഘാതമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വൈദ്യുതിയുമായുള്ള ബന്ധം വേർപെടുത്തിയിട്ട് മാത്രം അറ്റകുറ്റ പണികൾ ചെയ്യുക.

മാനസികാരോഗ്യം വളരെ പ്രധാനം

മാനസികാരോഗ്യ പ്രശ്നങ്ങളും ശ്രദ്ധിക്കണം. ആരോഗ്യപരമായ സംശയങ്ങൾക്കും സേവനങ്ങൾക്കും ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Our Whats App Group